കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളും പേരിനുമുന്നിൽ ‘ഡോക്‌ടർ’ എന്ന് ചേർക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമടക്കം നൽകിയ ഹർജികളാണ് തള്ളിയത്.
രോഗപ്രതിരോധം, ആരോഗ്യപ്രവർത്തനം തുടങ്ങിയ മേഖലകളിൽ സേവനം നൽകാൻ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്. ഫിസിയോ തെറാപ്പിസ്റ്റുകളെയും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളെയും മെഡിക്കൽ പ്രൊഫഷണലുകളെ സഹായിക്കുന്ന വിഭാഗമായി മാത്രം ചുരുക്കാൻ തക്കതായ കാരണങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞു.
നാഷണൽ കമ്മിഷൻ ഫോർ അല്ലീഡ് ആൻഡ് ഹെൽത്ത് കെയർ ആക്‌ട് പ്രകാരം മൂന്നുമുതൽ ആറുവർഷംവരെ നീളുന്ന പഠനത്തിലൂടെയും 3600 മണിക്കൂറിലധികം നീളുന്ന പരിശീലനത്തിലൂടെയുമാണ് ഇവർ ബിരുദം നേടുന്നത്. ഇവർക്ക് ആരോഗ്യസേവനം നൽകാമെങ്കിലും അലോപ്പതി മരുന്നുകൾ കുറിക്കാനോ ചികിത്സിക്കാനോ അനുവാദമില്ല.
മെഡിക്കൽ കൗൺസിൽ നിയമത്തിലോ അനുബന്ധനിയമങ്ങളിലോ മെഡിക്കൽ പ്രൊഫഷണലുകൾക്ക് മാത്രമായി ‘ഡോക്ടർ’ പദവി നിജപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്‌ടർ എന്ന ലാറ്റിൻ വാക്കിന്റെ അർഥം ‘അധ്യാപകൻ’ എന്നാണ്. പിഎച്ച്.ഡി. ഉൾപ്പെടെയുള്ള ഉന്നതബിരുദമുള്ളവർ പദവി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ‘ഡോക്ടർ’ എന്നത് മെഡിക്കൽ പ്രൊഫഷണലുകളുടെ മാത്രമാണെന്ന വാദം തെറ്റാണെന്നും കോടതി വ്യക്തമാക്കി.
High Court says physiotherapists and occupational therapists cannot be prevented from adding the title of doctor to their names













