
കൊച്ചി: കേരള ലോകായുക്ത നിയമ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി. ഇതോടെ ലോകായുക്ത വിധിയിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിലും നിയമസഭയിലുമായി നിക്ഷിപ്തമാകും.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ നൽകിയ ഹർജികളാണ് കോടതി തള്ളിയത്. ലോകായുക്തയുടെ അധികാരം കവരുന്നതാണ് പുതിയ ഭേദഗതിയെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, നിയമസഭ പാസാക്കിയ ഭേദഗതിയിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ലോകായുക്ത ഒരാൾ കുറ്റക്കാരനാണെന്ന് വിധിച്ചാലും അത് തള്ളാനോ സ്വീകരിക്കാനോ സർക്കാരിന് അധികാരമുണ്ടാകും. മുഖ്യമന്ത്രിക്കെതിരായ വിധികളിൽ നിയമസഭയും, മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും, എം.എൽ.എമാർക്കെതിരായ വിധികളിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി.
ലോകായുക്ത വിധി വന്നാലുടൻ പൊതുപ്രവർത്തകർ സ്ഥാനം ഒഴിയണമെന്ന 14-ാം വകുപ്പിലെ നിർബന്ധിത വ്യവസ്ഥ ഇല്ലാതായി. പകരം ബന്ധപ്പെട്ട അതോറിറ്റിക്ക് 90 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാം. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഗവർണർ-സർക്കാർ പോരിനും വഴിതെളിച്ച ലോകായുക്ത ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഹൈക്കോടതി വിധി കൂടി വന്നതോടെ സർക്കാരിന് വലിയ രാഷ്ട്രീയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
High Court upholds Lokayukta Act amendment: Petition of Ramesh Chennithala and others dismissed













