
കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന അതിവേഗ റെയിൽപാത പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും. സിൽവർലൈൻ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിക്കാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ഈ പാതയുടെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും. സ്റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കുന്ന പദ്ധതിക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാനുള്ള ചുമതല ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് (ഡിഎംആർസി) നൽകാൻ റെയിൽവേ മന്ത്രാലയം ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്. ഒമ്പത് മാസത്തിനകം ഡിപിആർ സമർപ്പിക്കാമെന്നാണ് ഡിഎംആർസി അറിയിച്ചിരിക്കുന്നത്. ഇ. ശ്രീധരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയെന്നാണ് സൂചന.
ജനസാന്ദ്രത കൂടിയ മേഖലകളിൽ തുരങ്കങ്ങളും മേൽപ്പാതകളും നിർമ്മിക്കുന്നതിലൂടെ സ്ഥലമേറ്റെടുപ്പ് പരമാവധി കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരിസ്ഥിതി ആഘാതവും സാങ്കേതിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സിൽവർലൈനിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇ. ശ്രീധരന്റെ പദ്ധതി കൂടുതൽ പ്രായോഗികമാണെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ രാഷ്ട്രീയമായി വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.













