ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന ഇറക്കി ഇരുരാജ്യങ്ങളും, യുഎസ് മദ്യത്തിന് തീരുവ കുറയ്ക്കും, കാർഷിക–ക്ഷീര മേഖലകളിൽ ഇളവ്

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാര കരാറിൻ്റെ ചട്ടക്കൂട് സംബന്ധിച്ച സംയുക്ത ഇരുരാജ്യങ്ങളും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയും അമേരിക്കയും കരാറിലെത്തിയെന്നും ഇന്ത്യയ്ക്കുള്ള നികുതി 18 ശതമാനമാക്കി കുറച്ചെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ നിലവിലുണ്ടായിരുന്ന 50% വരെയുള്ള ഉയർന്ന തീരുവ 18 ശതമാനമായി കുറച്ചു. അതേസമയം, അമേരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങൾക്കും കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ നികുതി ഇളവുകൾ നൽകും. ഡ്രൈഡ് ഡിസ്റ്റിലർ ഗ്രെയിൻസ്, സോയാബീൻ ഓയിൽ, വൈൻ എന്നിവയ്ക്കുൾപ്പെടെ ഈ നികുതിയിളവ് ബാധകമാണ്. എന്നാൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാൽ ഈ തീരുവ തിരികെ ഏർപ്പെടുത്തുമെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ട്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയിരുന്ന 25% അധിക ശിക്ഷാ തീരുവ ട്രംപ് ഭരണകൂടം പിൻവലിച്ചു. ഇതോടെ ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, രാസവസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഈ കരാർ വലിയ നേട്ടമാകും.

ജനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം, വിമാന ഭാഗങ്ങൾ തുടങ്ങിയ മേഖലകളിലെ നികുതി പൂർണ്ണമായും ഒഴിവാക്കി. ഇന്ത്യയിലെ കർഷകരെയും ക്ഷീരകർഷകരെയും ബാധിക്കുന്ന പ്രധാന ഉൽപ്പന്നങ്ങളായ അരി, ഗോതമ്പ്, പാൽ, വെണ്ണ, ചീസ് തുടങ്ങിയവയെ കരാറിലെ നികുതി ഇളവുകളിൽ നിന്ന് ഒഴിവാക്കി സംരക്ഷിച്ചിട്ടുണ്ട്.

എന്നാൽ, കാര്‍ഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില യുഎസ് വിളകൾക്ക് തീരുവ കുറയ്ക്കും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല. യുഎസ് മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിലുണ്ട്. 

അടുത്ത 5 വർഷത്തിനുള്ളിൽ ഊർജ്ജം, സാങ്കേതികവിദ്യ, വിമാന ഭാഗങ്ങൾ എന്നിവയുൾപ്പെടെ 50,000 കോടി ഡോളറിൻ്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതൊരു പൂർണ്ണമായ വ്യാപാര കരാറല്ലെങ്കിലും വരാനിരിക്കുന്ന സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.

Historic interim trade deal between India and US becomes reality; Both countries issue joint statement

More Stories from this section

family-dental
witywide