
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം മൂലം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ആശങ്ക പടരുകയും ചെയ്യുന്നതിനിടെ, യുദ്ധത്തിലേക്ക് ഹൂതി വിമതർ കൂടി പ്രവേശിച്ചത് പുതിയ പ്രതിസന്ധിക്ക് കാരണമാകുന്നു. ഇതോടെ മറ്റൊരു പ്രധാന ജലപാതയായ ബാബ് അൽ-മന്ദബ് കടലിടുക്ക് കൂടി ഭീഷണിയിലായിരിക്കുകയാണ്.
യമനും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഇടുങ്ങിയ ഈ പാതയിലൂടെയാണ് ആഗോളതലത്തിൽ കടൽമാർഗ്ഗം കടത്തിവിടുന്ന എണ്ണയുടെ 12 ശതമാനവും കടന്നുപോകുന്നത്. ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന് ഇറാൻ പിന്തുണയുള്ള ഹൂതികൾ ഇതിനകം സൂചന നൽകിയിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ വീതി 29 കിലോമീറ്റർ മാത്രമുള്ള ബാബ് അൽ-മന്ദബ്, കപ്പൽ യാത്രയ്ക്ക് ഏറെ പ്രയാസകരമായ പാതയാണ്. അതുകൊണ്ടുതന്നെ ‘കണ്ണീരിൻ്റെ കവാടം’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഇടുങ്ങിയ പാതയിലൂടെ പോകുന്ന കൂറ്റൻ കണ്ടെയ്നർ കപ്പലുകൾ ആക്രമിക്കാൻ വളരെ എളുപ്പമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഒക്ടോബർ 7-ലെ ആക്രമണങ്ങൾക്ക് പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടിയിൽ പ്രതിഷേധിച്ച്, ഈ മേഖലയിൽ മുൻപും ഹൂതികൾ നൂറിലധികം കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ബാബ് അൽ-മന്ദബ് കടലിടുക്കിൻ്റെ കിഴക്കൻ തീരം ഹൂതികളുടെ നിയന്ത്രണത്തിലാണെന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ബാബ്-അൽ-മന്ദബ്
അറബി പദമായ ‘ബാബ്-അൽ-മന്ദബ്’ എന്നതിനർത്ഥം ‘കണ്ണീരിൻ്റെ കവാടം’ എന്നാണ്. പണ്ട് ഈ കടലിടുക്കിലൂടെയുള്ള യാത്ര അതീവ അപകടകരമായിരുന്നതിനാലും കപ്പലപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരുന്നതിനാലുമാണ് ഈ പേര് ലഭിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജിബൂട്ടി, എറിത്രിയ എന്നീ രാജ്യങ്ങൾക്കും ഏഷ്യയിലെ യെമനും ഇടയിലായി ഇത് സ്ഥിതി ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് ശേഷം ആഗോള വിപണിയെ സ്വാധീനിക്കുന്ന പ്രധാന ‘ചോക്ക് പോയിൻ്റ്’ ആയി ഇതിനെ കണക്കാക്കുന്നു.
Houthis at war: Another strait as a threat, will the ‘Gate of Tears’ close? Oil prices soar














