
ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തെക്കുറിച്ച് നോർത്ത് സോൺ ഡിഐജി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഈ കേസ് പരിഗണിക്കും.
കണ്ടന്റ് ക്രിയേറ്ററായ യുവതി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വീഡിയോ പുറത്തുവിട്ടതോടെ ദീപക് വലിയ മാനസിക വിഷമത്തിലും ആശങ്കയിലുമായിരുന്നുവെന്ന് പരാതികളിൽ പറയുന്നു. ഇത്തരമൊരു സൈബർ വിചാരണ യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴിയുള്ള ആരോപണങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തെയും അന്തസ്സിനെയും എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും. ദീപക്കിന്റെ മരണത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.













