ശബരിമല യുവതീപ്രവേശന സമരത്തിൽ തന്റെ നിർണായക ഇടപെടലുകൾ വെളിപ്പെടുത്തി ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗവർണറുമായ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകത്തിലെ ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന അധ്യായത്തിലാണ് ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “സുവർണാവസരം” എന്ന പരാമർശം ഗാന്ധിയൻ മാതൃകയിലുള്ള സമാധാനപരമായ സമരത്തിനുള്ള അവസരത്തെ സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
യുവതികൾ ശബരിമലയിലേക്ക് എത്തുമെന്ന ഘട്ടത്തിൽ നട അടച്ചിടാൻ തന്ത്രി കണ്ഠാരു രാജീവറിന് നിയമോപദേശം നൽകിയത് താനാണെന്ന് ശ്രീധരൻ പിള്ള വെളിപ്പെടുത്തി. ആചാരലംഘനം ഉണ്ടാകാതിരിക്കാൻ നട അടയ്ക്കുന്നത് നിയമപരമായ അവകാശമാണെന്നും കോടതിയലക്ഷ്യമാകില്ലെന്നും താൻ തന്ത്രിക്ക് ഉറപ്പുനൽകിയിരുന്നു. നടപടി ഉണ്ടായാൽ താനാണ് ആദ്യ പ്രതിയാകുമെന്ന് വാക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷനെന്ന നിലയിൽ പ്രവർത്തകർക്ക് നിർദേശം നൽകാൻ തനിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി കേസ് അഡ്മിഷൻ ഘട്ടത്തിൽ തള്ളിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
പ്രതിഷേധകാലത്ത് രഹ്ന ഫാത്തിമ, കവിത തുടങ്ങിയവരെ പോലീസ് യൂണിഫോം ധരിപ്പിച്ച് പതിനെട്ടാം പടി വരെ എത്തിക്കാൻ ശ്രമിച്ചത് സർക്കാർ സ്പോൺസേർഡ് യാത്രയായിരുന്നുവെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. അവരുടെ ഇരുമുടിക്കെട്ടിൽ ആചാരപ്രകാരമുള്ള സാധനങ്ങൾക്ക് പകരം ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ ഇത്തരം നടപടികൾ ഭൂഷണമാണോ എന്ന് അദ്ദേഹം ചോദിച്ചു. തന്ത്രിക്കെതിരെയും തനിക്കെതിരെയും നൽകിയ കോടതിലക്ഷ്യ ഹർജികൾ സുപ്രീം കോടതി തള്ളിയത് തന്റെ നിലപാടിന്റെ നിയമസാധുതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നീക്കം പരാജയപ്പെട്ടതിന്റെ പ്രതികാരമായാണ് പിന്നീടുണ്ടായ കേസുകളെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. തന്ത്രിയെ 41 ദിവസം ജയിലിലടച്ചത് കേരളത്തിലെ ഭരണകക്ഷിയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷയിലെ വിധിന്യായത്തിൽ തെളിവിന്റെ കണികപോലുമില്ലെന്ന് കോടതി നിരീക്ഷിച്ചതായും ഗൂഢാലോചന കുറ്റം ആരോപിക്കുമ്പോൾ നിയമവ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ പരാജയപ്പെട്ടുവെന്നും സർക്കാർ സ്പോൺസർ ചെയ്ത പദ്ധതികൾ പരാജയപ്പെട്ടതിന്റെ ദയനീയമായ തിരിച്ചടിയാണ് ഇപ്പോഴത്തെ നടപടികളെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. തന്റെ ഉപദേശം നിയമവിരുദ്ധമല്ലായിരുന്നുവെന്ന് കോടതി തീരുമാനങ്ങൾ തെളിയിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു.










