വത്തിക്കാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ, ട്രംപ് ഭരണകൂടത്തെ തനിക്ക് ഒട്ടും ഭയമില്ലെന്ന് ലിയോ മാർപാപ്പ. യുദ്ധത്തിനെതിരായ നിലപാട് തുടരുമെന്നും സമാധാന സന്ദേശം പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ വിഷയത്തിൽ മാർപാപ്പയുടെ നിലപാട് വിമർശിച്ച് ട്രംപ്, ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ അദ്ദേഹത്തെ “കുറ്റകൃത്യങ്ങളിൽ ദുർബലനും വിദേശ നയത്തിൽ പരാജയവുമാണ്” എന്ന് ആരോപിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ “ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധകനല്ല” എന്നും ട്രംപ് പറഞ്ഞു.
അൽജീരിയയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിച്ച മാർപാപ്പ, ട്രംപുമായി വാദപ്രതിവാദത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്നും സമാധാനത്തിനായി ശബ്ദമുയർത്തുന്നത് തുടരുമെന്നും വ്യക്തമാക്കി. ഇറാനെതിരെയുള്ള യുദ്ധത്തെ ശക്തമായി വിമർശിക്കുന്ന മാർപാപ്പ, ഇറാനിയൻ സംസ്കാരം നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ “അംഗീകരിക്കാനാകാത്തത്” എന്ന് വിശേഷിപ്പിച്ചു. സംഘർഷം അവസാനിപ്പിക്കാൻ വഴി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ പങ്ക് രാഷ്ട്രീയ നേതാവിന്റെതല്ലെന്നും അദ്ദേഹത്തെസമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കലാണെന്നും ലിയോ മാർപാപ്പ വ്യക്തമാക്കി. ലോകത്ത് അനവധി ആളുകൾ ദുരിതം അനുഭവിക്കുന്നു. നിരപരാധികൾ കൊല്ലപ്പെടുന്നുവെന്നും ഇതവസാനിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതേസമയം, ട്രംപിന്റെ പരാമർശങ്ങൾ ലോകമെമ്പാടുമുള്ള കത്തോലിക്കരിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചിലർ ഇത് രണ്ടാം ലോകമഹായുദ്ധകാലത്തെ ഫാസിസ്റ്റ് നേതാക്കളുമായുള്ള സംഘർഷങ്ങളുമായി താരതമ്യം ചെയ്തു.
I am not afraid of Trump; I will continue my stance against war – Pope Leo










