‘ഞാൻ ഒരു പാർട്ടിയുടെയും ഭാഗമല്ല, എല്ലാ പാർട്ടികളിലും സുഹൃത്തുക്കളുണ്ട്, പ്രചരണത്തിനിറങ്ങില്ല’: നിലപാട് വ്യക്തമാക്കി ആസിഫ് അലി

തൊടുപുഴ: താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ഒരു മുന്നണിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ലെന്നും നടൻ ആസിഫ് അലി. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൊടുപുഴയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും അഭിപ്രായം പറയാൻ സാധിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്ന് ആസിഫ് അലി പറഞ്ഞു. തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. സഹോദരൻ അസ്കര്‍ അലിയും കൂടെയുണ്ടായിരുന്നു.

എല്ലാ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും അതിനാൽ ആർക്കുവേണ്ടിയും വോട്ട് ചോദിക്കാൻ തനിക്ക് കഴിയില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. തൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങളിൽ ആരാധകർ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സിനിമയ്ക്കും തൻ്റെ ജോലിക്കുമാണ് താൻ മുൻഗണന നൽകുന്നത്. രാഷ്ട്രീയ പ്രവേശനം നിലവിൽ തൻ്റെ അജണ്ടയിലില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. തൊടുപുഴയിൽ അഞ്ച് പതിറ്റാണ്ടോളം നീണ്ട പാർലമെൻ്ററി ജീവിതത്തിന് ശേഷം മുതിർന്ന നേതാവ് പി.ജെ. ജോസഫ് ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നത് മാതൃകാപരമായ തീരുമാനമാണെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.ജെ. ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫാണ് ഇവിടെ മത്സരിക്കുന്നത്.

‘I am not part of any party, I have friends in all parties, Asif Ali clarifies his stance

More Stories from this section

family-dental
witywide