‘ഞാൻ രാഹുലിൻ്റെ ട്രാവൽ ഏജൻ്റല്ല’: വിദേശയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ശശി തരൂർ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ശശി തരൂർ എംപി. “ഞാൻ അദ്ദേഹത്തിന്റെ ട്രാവൽ ഏജന്റല്ല. അതുകൊണ്ട് എന്നോട് ഈ ചോദ്യം ചോദിച്ചിട്ട് യാതൊരു കാര്യവുമില്ല” എന്നായിരുന്നു തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കണ്ട തരൂരിന്റെ പ്രതികരണം.

ഓരോ വ്യക്തിക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും താൻ ഇപ്പോൾ ഡൽഹി വിട്ട് കേരളത്തിൽ വന്നിരിക്കുന്നത് സ്വന്തം ചുമതലകളുടെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് രാഹുൽ ഗാന്ധി 4 ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി വിയറ്റ്നാമിലേക്ക് പോയത്. ഇത് ബിജെപിയുടെ കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു. പ്രക്ഷോഭങ്ങൾ പാതിവഴിയിലാക്കി രാഹുൽ ഗാന്ധി വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോയെന്നാണ് ബിജെപി ആരോപിക്കുന്നത്.

എന്നാൽ ഈ വിവാദങ്ങൾക്കിടയിലും തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിപക്ഷത്തിന്റെ സമരങ്ങൾ തുടരുമെന്ന് ശശി തരൂർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നവംബർ 1-ന് ഡൽഹി രാംലീല മൈതാനിയിൽ പ്രതിപക്ഷ പാർട്ടികളുടെ വലിയ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

“I am not Rahul’s travel agent”: Shashi Tharoor responds to a question regarding his foreign trip.

Also Read

More Stories from this section

family-dental
witywide