‘ഞാൻ ഇപ്പോഴും എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്, എന്നെ തട്ടിക്കൊണ്ടുവന്നതാണ്’: തങ്ങൾ കുറ്റക്കാരല്ലെന്ന് മഡുറോയും ഭാര്യയും യുഎസ് കോടതിയിൽ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം നാടകീയമായി പിടിക്കപ്പെട്ട വെനസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും ന്യൂയോർക്കിലെ യുഎസ് ഫെഡറൽ കോടതിയിൽ ഹാജരായി തങ്ങൾ കുറ്റക്കാരല്ലെന്ന് ബോധിപ്പിച്ചു. അമേരിക്കയിലേക്ക് കൊണ്ടുവന്നതിനുശേഷം ആദ്യമായി കോടതിയിൽ ഹാജരായ മഡുറോയെ മാൻഹട്ടനിലെ യുഎസ് ജില്ലാ ജഡ്ജി ആൽവിൻ ഹെല്ലർസ്റ്റീന്റെ മുമ്പാകെയാണ് ഹാജരാക്കിയത്. 63 കാരനായ മഡുറോയ്‌ക്കെതിരെ നാർക്കോ-ടെററിസം, യുഎസിലേക്ക് കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഭാര്യയ്ക്കുമെതിരെയും ഇതേ കുറ്റങ്ങളാണ് യുഎസ് ചുമത്തിയിരിക്കുന്നത്.

താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണെന്നും തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ഹ്രസ്വമായ വാദം കേൾക്കലിനിടെ, മഡുറോ എല്ലാ കുറ്റങ്ങളും നിഷേധിച്ചു. ഒരുപരിഭാഷകൻ്റെ സഹായത്തോടെ സംസാരിച്ച അദ്ദേഹം കോടതിയോട് പറഞ്ഞു: “ഞാൻ നിരപരാധിയാണ്. ഞാൻ കുറ്റക്കാരനല്ല. ഞാൻ മാന്യനായ ഒരു മനുഷ്യനാണ്. ഞാൻ ഇപ്പോഴും എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്, ജനുവരി 3 ശനിയാഴ്ച മുതൽ ഞാൻ ഇവിടെ തട്ടിക്കൊണ്ടുവരപ്പെട്ടിരിക്കുകയാണ്, വെനിസ്വേലയിലെ കാരക്കാസിലുള്ള എന്റെ വീട്ടിൽ വെച്ചാണ് എന്നെ പിടികൂടിയത്,”.

ശനിയാഴ്ച ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് യുഎസ് സ്പെഷ്യൽ ഫോഴ്സാണ് കാരക്കാസിൽ നടത്തിയ സൈനിക നീക്കത്തിലൂടെ മഡുറോയെയും ഭാര്യയെയും പിടികൂടി അമേരിക്കയിലെത്തിച്ചത്. നിലവിൽ ഇരുവരെയും ജാമ്യമില്ലാതെ തടവിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. അടുത്ത വാദം കേൾക്കൽ 2026 മാർച്ച് 17-ന് നടക്കും. അദ്ദേഹത്തിന്റെ അഭിഭാഷകൻ യുഎസ് ഓപ്പറേഷനെ “സൈനിക തട്ടിക്കൊണ്ടുപോകൽ” എന്ന് വിശേഷിപ്പിച്ചു, ഇത് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നുവെന്ന് വാദിച്ചു.

മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസും കോടതിയിൽ അദ്ദേഹത്തോടൊപ്പം ഹാജരായി കുറ്റക്കാരിയല്ലെന്ന് വാദിച്ചു. ഫ്ലോറസ് താൻ ‘വെനിസ്വേലയുടെ പ്രഥമ വനിതയാണ്’ എന്ന് കോടതിയോട് പറയുകയും തുടർന്ന് “പൂർണ്ണമായും നിരപരാധിയാണെന്ന്” പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

‘I am still the president of my country’: Maduro and his wife plead not guilty in US court

More Stories from this section

family-dental
witywide