അച്ചടക്കലംഘനമല്ല, റോഷി പറഞ്ഞത് എനിക്കും സുഖിച്ചു; പാലാ സീറ്റിലെ അനിശ്ചിതത്വത്തിൽ പ്രതികരിച്ച് ജോസ് കെ മാണി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ താൻ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം തന്നെ സന്തോഷിപ്പിച്ചതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. റോഷി അഗസ്റ്റിൻ നടത്തിയത് അച്ചടക്കലംഘനമല്ലെന്നും തങ്ങൾ തമ്മിലുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. റോഷിയുടെ വാക്കുകൾ സദുദ്ദേശത്തോടെയുള്ളതാണെന്നും പാർട്ടി ചെയർമാൻ മത്സരിക്കണമെന്നത് പ്രവർത്തകരുടെ ആഗ്രഹമാണെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണി പറഞ്ഞു.

നേരത്തെ അടിമാലിയിൽ നടന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്കിടെ, സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ‘പാർട്ടി തീരുമാനിക്കും’ എന്ന് ജോസ് കെ. മാണി മറുപടി നൽകുന്നതിനിടെയാണ് റോഷി അഗസ്റ്റിൻ മൈക്ക് വാങ്ങി ജോസ് പാലായിൽ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന തരത്തിൽ വാർത്തകൾ വരാൻ കാരണമായിരുന്നു. എന്നാൽ താൻ മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും ഇപ്പോൾ വികസന ചർച്ചകൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ജാഥയുടെ ശോഭ കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജോസ് കെ. മാണി ആരോപിച്ചു. റോഷി അഗസ്റ്റിൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും, സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള ഔദ്യോഗിക തീരുമാനം പാർട്ടി ഘടകങ്ങൾ ചേർന്ന് കൈക്കൊള്ളുമെന്ന പക്വമായ നിലപാടാണ് ചെയർമാൻ സ്വീകരിച്ചത്. പാലായിൽ ജോസ് കെ. മാണി തന്നെ ഇറങ്ങണമെന്ന നിലപാടിലാണ് റോഷി അഗസ്റ്റിനും പാർട്ടിയിലെ വലിയൊരു വിഭാഗവും.

More Stories from this section

family-dental
witywide