ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഏകദേശം 30 ലക്ഷം രേഖകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ടതിന് പിന്നാലെ ആദ്യമായി പരസ്യമായി പ്രതികരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. എപ്‌സ്റ്റീനുമായി സമയം ചെലവഴിച്ചത് വലിയ പിഴവായിരുന്നുവെന്നും താൻ “മൂഢനായിരുന്നു” എന്നും ഗേറ്റ്‌സ് പറഞ്ഞു. 9News Australiaയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗേറ്റ്‌സിന്റെ പ്രതികരണം. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന എല്ലാ ആരോപണങ്ങളും ഗേറ്റ്‌സ് നിഷേധിച്ചു.
2013ൽ എപ്‌സ്റ്റീൻ തയ്യാറാക്കിയതെന്നു പറയുന്ന ചില ഡ്രാഫ്റ്റ് ഇമെയിലുകളിൽ ഗേറ്റ്‌സിനെ കുറിച്ച് പരാമർശങ്ങളുണ്ടായിരുന്നെങ്കിലും, അവ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. “ജെഫ്രി തനിക്കുതന്നെ എഴുതിയതുപോലെയുള്ള ഒരു ഇമെയിലാണത്. ആ ഇമെയിൽ ഒരിക്കലും അയച്ചിട്ടില്ല. അത് തെറ്റായതാണ്,” ഗേറ്റ്‌സ് പറഞ്ഞു. “അവനൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാൻ ഇപ്പോൾ ഖേദിക്കുന്നു. അത് ചെയ്തതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
2011ലാണ് താൻ ആദ്യമായി എപ്‌സ്റ്റീനിനെ കണ്ടതെന്നും, ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ എപ്‌സ്റ്റീൻ ശിക്ഷിക്കപ്പെട്ടതിന് ശേഷമായിരുന്നു ആ കൂടിക്കാഴ്ചയെന്നും ഗേറ്റ്‌സ് പറഞ്ഞു. ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്ക് സംഭാവന നൽകാൻ കഴിയുന്ന സമ്പന്നരായ ആളുകളെ പരിചയപ്പെടുത്താമെന്ന വിശ്വാസത്തിലാണ് താൻ എപ്‌സ്റ്റീനുമായി ബന്ധം പുലർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ പങ്കെടുത്തത് അത്താഴ വിരുന്നുകളിലാണ്. ഞാൻ ഒരിക്കലും അവന്റെ ദ്വീപിൽ പോയിട്ടില്ല, ഒരു സ്ത്രീയെയും കണ്ടിട്ടില്ല,” ഗേറ്റ്‌സ് പറഞ്ഞു. യുഎസ് വർജിൻ ദ്വീപുകളിലെ എപ്‌സ്റ്റീനിന്റെ സ്വകാര്യ ദ്വീപിനെ കുറിച്ചായിരുന്നു ഈ പരാമർശം. ആ ദ്വീപിൽ നിരവധി യുവതികളെയും പെൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു എപ്‌സ്റ്റീനിനെതിരായ പ്രധാന ആരോപണം. “ഇത് ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാണ്. എപ്‌സ്റ്റീനുമായി സമയം ചെലവഴിച്ചതിൽ ഞാൻ ഖേദിക്കുന്നു. അവനെ പരിചയപ്പെട്ടതിൽ ഖേദിക്കുന്ന പലരിലൊരാളാണ് ഞാൻ,” എന്നും ഗേറ്റ്‌സ് കൂട്ടിച്ചേർത്തു.
ഗേറ്റ്‌സിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത് മുൻ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ്. എൻപിആറിന്റെ വൈൽഡ് കാർഡ് പോഡ്കാസ്റ്റിൽ സംസാരിച്ച മെലിൻഡ, എപ്‌സ്റ്റീൻ ഫയലുകളിൽ പേര് പരാമർശിക്കപ്പെട്ട സമ്പന്നരായ ആളുകൾ, ബിൽ ഗേറ്റ്‌സ് അടക്കമുള്ളവർ അതേക്കുറിച്ച് മറുപടി നൽകേണ്ടതുണ്ടെന്ന് പറഞ്ഞു. “ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് അവരുടേതാണ്, എന്റെ മുൻ ഭർത്താവിന്റെയും,” എന്നായിരുന്നു മെലിൻഡയുടെ അഭിപ്രായപ്പെട്ടത്.
പുതുതായി പുറത്തുവന്ന രേഖകൾ വിവാഹകാലത്തെ വളരെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവന്നതായും മെലിൻഡ പറഞ്ഞു. എപ്‌സ്റ്റീനുമായി ബിൽ ഗേറ്റ്‌സിനുണ്ടായ ബന്ധം വിവാഹമോചനത്തിലേക്ക് നയിച്ച പല കാരണങ്ങളിലൊന്നായിരുന്നുവെനന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. 2021ലായിരുന്നു ബിൽ ഗേറ്റ്‌സും മെലിൻഡയും വിവാഹമോചനം നേടിയത്.
എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട പുതിയ രേഖകളെക്കുറിച്ച് എബിസി ചോദിച്ചപ്പോൾ, “പൂർണമായും അസത്യവും പരിഹാസ്യവുമാണ്” എന്ന് ബിൽ ഗേറ്റ്‌സിന്റെ വക്താവും പ്രതികരിച്ചു. ഗേറ്റ്‌സുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിയാത്തതിലെ എപ്‌സ്റ്റീനിന്റെ നിരാശയാണ് രേഖകൾ കാണിക്കുന്നതെന്നും വക്താവ് പറഞ്ഞു. അതേസമയം, കുട്ടികളിലെ തടയാനാകുന്ന രോഗങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പദ്ധതികൾക്ക് കൂടുതൽ ധനസഹായം നൽകാൻ ഓസ്ട്രേലിയൻ സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഭാഗമായും, സ്വകാര്യ സന്ദർശനത്തിനുമായി കൂടിയാണ് ബിൽ ഗേറ്റ്‌സ് ഓസ്ട്രേലിയയിൽ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.
‘I was foolish’: Bill Gates denies wrongdoing after latest release of Epstein files













