യുഎസിൽ പ്രതിഷേധക്കാരെ നിരീക്ഷിക്കാൻ ഐസിഇ എഐ ഉപയോഗിക്കുന്നു; സ്വകാര്യതയെ ബാധിക്കുന്നുവെന്ന് വിമർശനം

വാഷിംഗ്ടൺ: പ്രതിഷേധക്കാരെയും സംശയിക്കുന്നവരെയും നിരീക്ഷിക്കുന്നതിനായി യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അത്യാധുനികമായ എഐ (AI) അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്ന് പുതിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) രേഖ വ്യക്തമാക്കുന്നു.

പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും സൂചനകളും സ്വയമേവ തരംതിരിക്കാനും സംഗ്രഹിക്കാനും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് പലന്തിർ (Palantir) ടെക്‌നോളജീസ് നൽകുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ ആയിരക്കണക്കിന് പരാതികളെ അവയുടെ ഗൗരവം അനുസരിച്ച് തരംതിരിക്കാനും ദൈർഘ്യമേറിയ റിപ്പോർട്ടുകൾ സംഗ്രഹിക്കാനും വ്യത്യസ്ത പരാതികളിലെ പൊതുവായ വിവരങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്ന് കണ്ടെത്താനും സഹായിക്കുന്നു. പലന്തിർ പോലുള്ള വലിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റ, അതായത് ഡ്രൈവിംഗ് ലൈസൻസ്, നികുതി വിവരങ്ങൾ, ഫോൺ രേഖകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിച്ച് ഓരോ വ്യക്തിയെയും കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടുകൾ തയ്യാറാക്കുന്നു.

ഫേഷ്യൽ റെക്കഗ്നിഷനിലൂടെ ആളുകളെ തിരിച്ചറിയാൻ Mobile Fortify പോലുള്ള സ്മാർട്ട്ഫോൺ ആപ്പുകൾ ഉപയോഗിച്ച് ഏജന്റുമാർക്ക് തെരുവിൽ വെച്ച് തന്നെ ആളുകളുടെ മുഖം സ്കാൻ ചെയ്യാനും നിമിഷങ്ങൾക്കുള്ളിൽ അവരുടെ വിവരങ്ങൾ ഔദ്യോഗിക ഡാറ്റാബേസുകളുമായി താരതമ്യം ചെയ്യാനും സാധിക്കും. ജാപ്പനീസ് ടെക് സ്ഥാപനമായ NEC പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത മൊബൈൽ ഫോർട്ടിഫൈ എന്ന മൊബൈൽ ആപ്പ് ഇപ്പോൾ ICE ഓഫീസർമാർ കൈവശം വച്ചിട്ടുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി Clearview AI പോലുള്ള സേവനങ്ങളും അവർ പ്രയോജനപ്പെടുത്തുന്നു.

സോഷ്യൽ മീഡിയ നിരീക്ഷണമാണ് മറ്റൊരു രീതി. Zignal Labs, Tangles തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കോടിക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട നീക്കങ്ങളോ വിദ്വേഷ പരാമർശങ്ങളോ കണ്ടെത്താനും ആളുകളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും എഐ ഉപയോഗിച്ചുള്ള ഈ സംവിധാനം സഹായിക്കുന്നു.

ലൊക്കേഷൻ ട്രാക്കിംഗും വ്യാപകമായി ഐസിഇ ഉപയോഗിക്കാറുണ്ട്. Webloc പോലുള്ള ടൂളുകൾ ഉപയോഗിച്ച് ഒരു പ്രത്യേക പ്രദേശത്തെ (ഉദാഹരണത്തിന് പ്രതിഷേധം നടക്കുന്ന സ്ഥലം) എല്ലാ മൊബൈൽ ഫോണുകളെയും ഒരേസമയം നിരീക്ഷിക്കാനും അവയുടെ സഞ്ചാരപഥം കണ്ടെത്താനും ഐസിഇ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു. ഇതിനായി വാറൻ്റില്ലാതെ തന്നെ സ്വകാര്യ കമ്പനികളിൽ നിന്ന് ലൊക്കേഷൻ ഡാറ്റ ഇവർ വാങ്ങാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ഇവയ്ക്കെല്ലാം പുറമെ, ഐറിസ് സ്കാനിംഗ്, നിരീക്ഷണ ഡ്രോണുകൾ, സെൽ ടവറുകളായി ആൾമാറാട്ടം നടത്തി ഫോൺ സിഗ്നലുകൾ പിടിച്ചെടുക്കുന്ന Stingrays തുടങ്ങിയവയും പ്രതിഷേധക്കാരെ കണ്ടെത്താൻ ഐസിഇ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ, ഈ സംവിധാനങ്ങൾ സ്വകാര്യതയെ ബാധിക്കുന്നുവെന്നും തെറ്റായ വിവരങ്ങൾ നൽകാൻ സാധ്യതയുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ICE uses AI to monitor protesters in the US.

Also Read

More Stories from this section

family-dental
witywide