പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്താൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല; അബ്ദുറഹ്‌മാൻ രണ്ടത്താണി ഇനി ഖേദിക്കുമെന്നും കെ ടി ജലീൽ

മുസ്ലീംലീ​ഗിനെ വിമർശിച്ച അബ്ദുറഹ്‌മാൻ രണ്ടത്താണിയുടെ നിലപാടിൽ പ്രതികരിച്ച് കെ.ടി ജലീൽ. അബ്ദുറഹ്‌മാൻ രണ്ടത്താണി ഇനി ലീഗിൽ നിന്നാൽ എന്താകും അവസ്ഥയെന്ന് കണ്ടറിയണമെന്ന് മാധ്യമങ്ങളോട് കെടി ജലീൽ പ്രതികരിച്ചു. പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല. ലീഗിന്റേത് രാഷ്ട്രീയനേതൃത്വം മാത്രമല്ല, ആത്മീയ നേതൃത്വം കൂടിയാണ്. അദ്ദേഹത്തിന് ഇടതുപക്ഷ സ്ഥാനാർഥി ആയി മത്സരിച്ച് വിജയിക്കുന്നത് ആയിരുന്നു നല്ലതെന്നും കെടി ജലീൽ പ്രതികരിച്ചു.

അബ്ദുറഹ്‌മാൻ രണ്ടത്താണി ഇനി എപ്പോഴും പാർട്ടി റഡാറിൽ ആയിരിക്കും. ലീഗിൽ ശോഭിക്കാൻ ഇനി രണ്ടത്താണിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കെടി ജലീൽ പറഞ്ഞു. അതേസമയം, തന്റെ സിറ്റിം​ഗ് മണ്ഡലമായ തവനൂരിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇക്കൊല്ലം ഉണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് പലരും പറഞ്ഞ പല പദ്ധതികളും നടപ്പിലാക്കി. ഇത്തവണ നല്ല മാർജിനിൽ തന്നെ ജയിക്കാൻ സാധിക്കുമെന്നും 15 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഇക്കൊല്ലം വോട്ടായി മാറുമെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

If Panakkad Thangals are questioned, they will no longer be able to remain in the league; Abdurahman Randathani will regret it now, says KT Jaleel