വിഎസ് ജീവിച്ചിരുന്നെങ്കിൽ പത്മവിഭൂഷൺ നിരസിക്കുമായിരുന്നു, മരണാനന്തര ബഹുമതിയായുള്ള പുരസ്കാരം സ്വീകരിക്കണോയെന്ന് കുടുംബത്തിന് തീരുമാനിക്കാം: എംഎ ബേബി

വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്‌കാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി രംഗത്ത്. വി എസ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിശ്ചയമായും ഈ പുരസ്‌കാരം അദ്ദേഹം നിരസിക്കുമായിരുന്നുവെന്ന് ബേബി പറഞ്ഞു. പത്മ അവാർഡുകൾ സംബന്ധിച്ച് ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ടെന്നും, ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവർക്ക് ഇത്തരം ബഹുമതികൾ നൽകുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണാനന്തര ബഹുമതിയായുള്ള പത്മവിഭൂഷണ്‍ പുരസ്കാരം വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് വി എസിന്‍റെ കുടുംബമാണെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി.

നേരത്തെ ഇ.എം.എസ് നമ്പൂതിരിപ്പാടിന് പത്മവിഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ച കാര്യം എം.എ ബേബി ചൂണ്ടിക്കാട്ടി. വ്യക്തിഗതമായ നേട്ടങ്ങൾക്കായി ഇത്തരം അവാർഡുകൾ സ്വീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസിനെ ആദരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമാണോ എന്ന ചോദ്യത്തിന്, പത്മ പുരസ്‌കാരങ്ങൾ നൽകുന്നതിലെ മാനദണ്ഡങ്ങൾ പലപ്പോഴും രാഷ്ട്രീയപരമായി ചർച്ച ചെയ്യപ്പെടാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അച്യുതാനന്ദന്റെ രാഷ്ട്രീയ പ്രവർത്തനവും ജനങ്ങളുമായുള്ള ബന്ധവും പുരസ്‌കാരങ്ങൾക്കും അപ്പുറമാണെന്ന് എം.എ ബേബി ഓർമ്മിപ്പിച്ചു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാക്കൾക്ക് സർക്കാർ നൽകുന്ന ബഹുമതികളേക്കാൾ വലുത് ജനങ്ങളുടെ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്റെ അഭാവത്തിൽ കേന്ദ്രം ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് അദ്ദേഹത്തിന്റെ നിലപാടുകളെ വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ടാകാമെന്നും ബേബി പ്രസ്താവനയിൽ സൂചിപ്പിച്ചു.

If VS Achuthanandan Was Alive He Would Have Refused Padma Award, Says MA Baby

Also Read

More Stories from this section

family-dental
witywide