‘ഞാൻ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാലും ജയിക്കും’; ജയിലിൽ കയറും മുന്നേ പോലീസിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെ കടുത്ത വെല്ലുവിളിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. തന്നെ രാഷ്ട്രീയമായി തകർക്കാൻ കഴിയില്ലെന്നും വൈകാതെ തന്നെ താൻ പുറത്തിറങ്ങുമെന്നും രാഹുൽ പോലീസിനോട് പറഞ്ഞു. ശനിയാഴ്ച അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത സമയം മുതൽ അതീവ ആത്മവിശ്വാസത്തോടെയാണ് രാഹുൽ പെരുമാറിയത്. പരാതിക്കാരിയുമായുള്ള ബന്ധങ്ങൾ തനിക്ക് എങ്ങനെ അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പക്കൽ എല്ലാ തെളിവുകളും ഭദ്രമാണെന്നും തന്നെ കുടുക്കാൻ ശ്രമിക്കുന്നവർക്ക് അത് തിരിച്ചടിയാകുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വൈകാതെ പുറത്തുവരുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാൽ പോലും താൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് രാഹുലിന്റെ വെല്ലുവിളി. ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടും യാതൊരു കുലുക്കവുമില്ലാതെയാണ് രാഹുൽ പോലീസിനോട് പ്രതികരിച്ചത്.

പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മാവേലിക്കര സബ് ജയിലിലേക്ക് മാറ്റുന്നതിന് മുൻപും സമാനമായ രീതിയിൽ രാഹുൽ തന്റെ നിലപാടിൽ ഉറച്ചുനിന്നു. രാഹുൽ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുമ്പോഴും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നുമാണ് രാഹുൽ ഉദ്യോഗസ്ഥരോട് ആവർത്തിച്ചത്.

Also Read

More Stories from this section

family-dental
witywide