തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം വിജയൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ വിജയൻ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന നിലപാട് തൃശ്ശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി. അതേസമയം, രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് കായിക മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു നോമിനേറ്റഡ് എംപി സ്ഥാനത്തോടാണ് താത്പര്യം. നേരിട്ടുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല. സ്ഥാനാർത്ഥിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയും സുരേഷ് ഗോപി എംപിയും ഉൾപ്പെടെയുള്ളവർ തന്നെ സമീപിച്ചിരുന്നുവെങ്കിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നെന്ന് വിജയൻ പറഞ്ഞു.
ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുന്നതിനേക്കാൾ എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നത്. തന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ കെ. കരുണാകരൻ, കോടിയേരി ബാലകൃഷ്‌ണൻ, ഉമ്മൻ ചാണ്ടി, പിണറായി വിജയൻ തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ ഒരു പ്രത്യേക പാർട്ടിയുടെ മാത്രം ആളായി നിൽക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും ഐ എം വിജയൻ കൂട്ടിച്ചേർത്തു.
IM Vijayan officially declines to contest in Assembly elections., Expresses interest in a nominated Rajya Sabha MP position representing sports










