5 പേർക്ക് പുതുജീവനേകി ആലിൻ അനശ്വരയായി! ഒരേ മനസാൽ വഴിമാറി, കണ്ണ് നിറഞ്ഞ നന്ദി പറഞ്ഞ് കേരളം, ചരിത്രമെഴുതിയ 10 മാസക്കാരി, അവയവങ്ങൾ തലസ്ഥാനത്ത് എത്തിച്ചു

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം രചിച്ച് ആലിൻ ഷെറിൻ എബ്രഹാം ഇനി 5 പേരിലൂടെ ജീവിക്കും. 10 മാസമുള്ള മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. അമൃത ആശുപത്രിയുടെ KL 07 DF 3177നമ്പറിലുള്ള ആംബുലൻസിലാണ് അവയവങ്ങൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയ പൂർത്തിയായതിനു പിറകേ, ഏഴുമണിക്ക് ശേഷമാണ് അവയവങ്ങളുമായി ആംബുലൻസ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കേരളം ഒരേ മനസാലെ വഴി മാറിയതോടെ കൊച്ചിയിലെ അമൃതയിൽ നിന്ന് തിരുവനന്തപുരം കിംസിലേക്ക് ആംബുലൻസ് അതിവേഗം എത്തി.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരൾ നൽകുന്നത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി ഇതോടെ ആലിൻ മാറി. തീവ്ര ദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ കേരളം ഒന്നാകെ അഭിനന്ദിക്കുകയാണ്.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു.

More Stories from this section

family-dental
witywide