സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് ഏറുമ്പോൾ നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് ഏറ്റവുംപ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി ഏറ്റുമാനൂരിലെ ആതിര ഡി.നായർ. എൻ.ഡി.എ. സ്ഥാനാർത്ഥിയായ ആതിരയ്ക്ക് 25 വയസാണ് പ്രായം. കിഴക്കമ്പലത്തിൽ ‘ട്വന്റി ട്വന്റി’ നടപ്പാക്കിയ, സബ്സിഡി വിലയിൽ സാധനങ്ങൾ കിട്ടുന്ന സൂപ്പർ മാർക്കറ്റ് അടക്കം കുറെയേറെ പദ്ധതികൾ നടപ്പാക്കാനാണ് ആതിര ഉദ്ദേശിക്കുന്നത്. കുട്ടിക്കാലം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുള്ള ആതിര നിലവിൽ ഓൺലൈൻ വ്യവസായിയാണ്. സൈബർ ഫോറൻസിക്കിൽ ഡിഗ്രിയും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം, സമരങ്ങളുടെ മുന്നറ്റത്തുനിന്ന് ജനഹൃദയം അടുത്തറിഞ്ഞ 26 വയസ്സുള്ള ആഷ്ന തമ്പിയാണ് സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥി. പണമോ പ്രശസ്‌തിയോ അല്ല, മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് വേണ്ടതെന്ന തിരിച്ചറിവുള്ള ആഷ്ന ഏറ്റുമാനൂരിൽ എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയാണ്. പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിൽ 84 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപയാണ് അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ.
19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്‌തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല. ജനകീയസമരങ്ങളുടെ ഭാഗമാകണമെന്നുള്ളത് തീരുമാനമാണ്. അതിന് കുടുംബത്തിൻ്റെ സപ്പോർട്ട് ഉണ്ടെന്നും കൈയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം മതിയെന്നുമാണ് ആഷ്‌നയുടെ നിലപാട്. തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചിരുന്നു. മഹാരാജാസ് കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചു.
2019-ൽ എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്‌സിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. ജേണലിസം പി.ജി. ഡിപ്ലോമ നേടി. പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററായ ആഷ്‌ന ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. എ.ഐ.ഡി.എസ്.ഒ. സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമാണ്. എറണാകുളം അരയൻകാവ് സ്വദേശികളായ മാതാപിതാക്കളും മുഴുവൻ സമയ പാർട്ടി പ്രവർത്തകരാണ്.
In election, Ashna is the least-asset candidate in the state, Athira is the youngest candidate














