
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഫ്രഡിറിക് മെഴ്സും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധം, സെമികണ്ടക്ടർ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി. സാങ്കേതിക കൈമാറ്റത്തിനും വ്യവസായ പങ്കാളിത്തത്തിനും പുതിയ കരാറുകൾ വഴിതുറക്കും. കൂടാതെ, ജർമ്മൻ സർവ്വകലാശാലകളെ ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങാൻ പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ആഗോളതലത്തിൽ ആശങ്കയുയർത്തുന്ന റഷ്യ-യുക്രെയ്ൻ യുദ്ധസാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായി സംസാരിച്ചു. മേഖലയിലെ സമാധാനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അവർ വ്യക്തമാക്കി. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയെ ഒരു വിശ്വസ്ത പങ്കാളിയായി ജർമ്മനി കാണുന്നുവെന്ന് മെഴ്സ് കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു.
ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി നരേന്ദ്ര മോദിയും ഫ്രഡിറിക് മെഴ്സും അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിച്ചിരുന്നു. അവിടെ ഗാന്ധിസ്മൃതികൾ പങ്കുവെച്ച ഇരു നേതാക്കളും പിന്നീട് അഹമ്മദാബാദിൽ നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിൽ (പട്ടം പറത്തൽ ഉത്സവം) പങ്കെടുത്തു. പട്ടം പറത്തിയും ചടങ്ങുകൾ ആസ്വദിച്ചും സൗഹൃദം പുതുക്കിയ ശേഷമാണ് ഉന്നതതല ചർച്ചകളിലേക്ക് നേതാക്കൾ കടന്നത്.











