പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും ഇറാനും തമ്മിൽ ചർച്ച നടത്തി. മേഖലയിലെ യുദ്ധ സാഹചര്യം ചരക്കുനീക്കത്തെ ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് ഇരുരാജ്യങ്ങളും സംസാരിച്ചത്. മേഖലയിലുള്ള 28 ഇന്ത്യൻ കപ്പലുകൾക്കും ജീവനക്കാർക്കും നേരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അമേരിക്ക – ഇസ്രായേൽ – ഇറാൻ സംഘർഷം കപ്പൽ പാതകളെ ബാധിച്ചാൽ അത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇറാൻ ഭരണകൂടവുമായി നേരിട്ട് ആശയവിനിമയം നടത്തിയത്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കാൻ ഇറാൻ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ചരക്കുക്കപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിനായി നാവികസേനയും ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തി പ്രതിസന്ധികൾ ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചർച്ചകൾ ഫലപ്രദമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.
India and Iran discuss vessel safety in the Strait of Hormuz amid regional tensions
















