
ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ (AITIGA) കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 2009-ൽ യു.പി.എ സർക്കാരിന്റെ കാലത്തുണ്ടായ ഈ കരാർ കേരളത്തിലെ കാർഷിക മേഖലയിൽ, പ്രത്യേകിച്ച് തോട്ടംവിളകളുടെ കാര്യത്തിൽ വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ കൂടി കണക്കിലെടുത്താണ് കരാർ പുനഃപരിശോധിക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഈ വർഷം തന്നെ കരാർ പുതുക്കുമെന്ന സൂചന നൽകിയ മോദി, അത് ഇന്ത്യയുടെ കാർഷിക-സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലായിരിക്കുമെന്ന് ഉറപ്പുനൽകി.
ഭീകരവാദത്തോടുള്ള സമീപനത്തിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ വെച്ച് ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ ക്രിമിനൽ കേസുകൾ നേരിടുന്ന സാക്കിർ നായിക്കിനെ കൈമാറുന്ന വിഷയത്തിൽ മലേഷ്യ ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ഈ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഭീകരവാദത്തെ തുരത്താൻ ഇരുരാജ്യങ്ങളും കൈകോർക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയത് നയതന്ത്ര വിജയമായി കരുതപ്പെടുന്നു. കൂടാതെ, ഡിജിറ്റൽ പേയ്മെന്റ് (UPI), സെമികണ്ടക്ടർ, ദുരന്തനിവാരണം, ആരോഗ്യം, തമിഴ് സിനിമകളുടെ പ്രോത്സാഹനം തുടങ്ങിയ വിവിധ മേഖലകളിലായി പത്ത് സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മോദി നന്ദി അറിയിച്ചു. മലേഷ്യയിലെ മുപ്പത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിലെ കരുത്തുറ്റ പാലമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇവരുടെ സൗകര്യാർത്ഥം മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി ഉടൻ തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെയധികം മെച്ചപ്പെട്ടതായും വരും വർഷങ്ങളിൽ ഇത് പുതിയ തലങ്ങളിലേക്ക് ഉയരുമെന്നും മോദി കൂട്ടിച്ചേർത്തു. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുന്ന രീതിയിൽ ആസിയാൻ കരാർ പൊളിച്ചെഴുതാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
India-ASEAN agreement review should be expedited; PM signs 10 agreements in Malaysia














