ഒമാൻ തീരത്ത് പനാമ പതാകയുള്ള കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഒമാൻ തീരത്ത് പനാമ പതാകയുള്ള വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാർക്ക് ഉൾപ്പെടെ 12 പേർക്ക് പരിക്ക്. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും കപ്പൽ ജീവനക്കാർക്കും നേരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എംടി ഓൺ പീസ് (IMO 9893204) എന്ന കപ്പലിന് നേരെ ഒമാൻ തീരത്ത് വച്ച് പ്രോജക്ടൈൽ പതിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

ആക്രമണത്തിൽ 12 ജീവനക്കാർക്ക് പരിക്കേറ്റതായും ഇതിൽ 11 പേർ ഇന്ത്യക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാൻ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റവരെ കപ്പലിൽനിന്ന് ഒഴിപ്പിച്ച് ഒമാനിലെ ഖസബിൽ എത്തിച്ച് ചികിത്സ നൽകുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനും ചികിത്സയ്ക്കും സഹായം നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിച്ചു.

മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് ജയ്‌സ്വാൾ പറഞ്ഞു. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാണിജ്യ കപ്പലുകൾക്കും കപ്പൽ ജീവനക്കാർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന വാണിജ്യ ടാങ്കർ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഭീഷണിയെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചുപോയതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. തിങ്കളാഴ്ച 08:27 യുഎടിസിയോടെയാണ് സംഭവം. ഒമാനിലെ ഖസബിന് വടക്ക് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ.

ഐആർജിസി സേന കപ്പലുമായി ബന്ധപ്പെടുകയും നിർദേശം അനുസരിച്ച് തിരിച്ചുപോയില്ലെങ്കിൽ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി യുകെഎംടിഒ അറിയിച്ചു. തുടർന്ന് കപ്പൽ ജീവനക്കാർ നിർദേശം പാലിക്കുകയും ദിശ മാറ്റുകയും ചെയ്തതായി ക്യാപ്റ്റൻ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഹോർമുസ് മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും യുകെഎംടിഒ നിർദേശിച്ചു.

India condemns attack on Panama-flagged vessel off Oman coast after 11 citizens injured

More Stories from this section

family-dental
witywide