
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സൈനിക നീക്കത്തിനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഹോർമുസ് തുറക്കുന്നത് സംബന്ധിച്ച് യുകെ വിളിച്ചുചേർത്ത 60 രാജ്യങ്ങളുടെ യോഗത്തിൽ നയതന്ത്രപരമായ നീക്കത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ആവശ്യപ്പെട്ടത്. സൈനിക ഇടപെടലുകളിൽ പങ്കാളിയാകാതെ റഷ്യയുമായി കൈകോർത്ത് ഊർജ്ജ പ്രതിസന്ധി മറികടക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഇന്ത്യയിലെത്തിയ റഷ്യൻ ഉപപ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി മാർച്ചിൽ 90 ശതമാനം വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളിൽ ഗ്രീൻ സാൻവി എന്ന എൽപിജി ടാങ്കർ ഉൾപ്പെടെ അഞ്ചെണ്ണത്തിന് ഉടൻ കടന്നുപോകാൻ അനുമതി ലഭിക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ നയതന്ത്ര മികവിനെ കോൺഗ്രസ് എംപി ആനന്ദ് ശർമ്മ പ്രകീർത്തിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി. രാജ്യം പക്വമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും ഇതിനെ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
India does not give green light to Hormuz military operation; Center joins hands with Russia to overcome energy crisis














