കശ്മീർ വിഷയത്തിൽ ആശങ്ക; ഡോണൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിനോട്’ പ്രതികരിക്കാതെ ഇന്ത്യ

കശ്മീർ വിഷയത്തിലെ ആശങ്കയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതുതായി രൂപം നൽകിയ ‘ബോർഡ് ഓഫ് പീസിനോട്’ പ്രതികരിക്കാതെ ഇന്ത്യ. ഭാവിയിൽ അന്താരാഷ്ട്ര തലത്തിലടക്കം സുപ്രധാനമായ കശ്മീർ വിഷയത്തിലും ട്രംപ് സ്വീകരിക്കുന്ന നിലപാടിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. അതിനാൽ തന്നെ മറ്റു രാജ്യങ്ങളുടെ നിലപാട് നിരീക്ഷിച്ച‌ായിരിക്കും ഇന്ത്യ ബോർഡ് ഓഫ് പീസിൽ ചേരണോ എന്നതിൽ തീരുമാനമെടുക്കുക. അതേസമയം, ബോർഡ് ഓഫ് പീസിനോട് പല രാജ്യങ്ങളും കരുതലോടെയാണ് പ്രതികരിക്കുന്നത്.

ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് ബോർഡ് ഓഫ് പീസ് വിഭാവനം ചെയ്തിരിക്കുന്നത്. സംഘർഷമുള്ളതോ സംഘർഷ ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സ്ഥിരത കൈവരുത്തുന്നതിനും നിയമാനുസൃതമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീർഘകാലസമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്രസംഘടന എന്നാണ് അറുപതോളം രാജ്യങ്ങൾക്ക് യുഎസ് അയച്ച കരടു പ്രമാണരേഖയിൽ ബോർഡ് ഓഫ് പീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രമാണരേഖയ്ക്കൊപ്പം ഇതിൽ ചേരാനുള്ള ക്ഷണപത്രവുമുണ്ട്. നിലവിൽ ഈ സമിതിയ്ക്ക് ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ട്രംപിൻ്റെ ഈ സമിതി ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തിയേക്കുമെന്ന് ചില യൂറോപ്യൻ നയതന്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സമിതിയിൽ തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തിയതിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് വരും ആഴ്ചകളിൽ സമിതിയിലെ കൂടുതൽ അംഗങ്ങളെയും അവരുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ച് വിശദമായ വിവരം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

India does not respond to Donald Trump’s ‘Board of Peace’

Also Read

More Stories from this section

family-dental
witywide