സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ കപ്പൽ; 46,000 മെട്രിക് ടൺ എൽപിജിയുമായി ഗ്രീൻ സാൻവി മുംബൈയിലേക്ക്

മുംബൈ: അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ്റെ തിരിച്ചടിയിൽ ഗൾഫ് മേഖലയിലും സംഘർഷം തുടരവേ ഇന്ത്യൻ കപ്പൽ ഇന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടക്കുമെന്ന് റിപ്പോർട്ട്. മുംബൈ ലക്ഷ്യമാക്കി നീങ്ങുന്ന ‘ഗ്രീൻ സാൻവി’ (Green Sanvi) എന്ന എൽപിജി കപ്പലാണ് ഹോർമുസ് കടക്കുന്നത്. 46,655 മെട്രിക് ടൺ എൽപിജിയുമായി വരുന്ന ഈ കപ്പൽ ഏപ്രിൽ ആറിന് മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് കപ്പലിന്റെ സഞ്ചാരം ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ കടലിടുക്കിന്റെ വടക്ക് ഭാഗത്താണ് ഗ്രീൻ സാൻവിയുള്ളത്. കൂടാതെ ഗ്രീൻ ആശ (Green Asha), ജഗ് വിക്രം (Jag Vikram) എന്നീ രണ്ട് എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ അനുമതി കാത്ത് കിടക്കുകയാണ്.

ഇവരെ സുരക്ഷിതമായി കടത്തിവിടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകൾ യഥാക്രമം കാണ്ട്ല, മംഗലാപുരം തുറമുഖങ്ങളിൽ ഇന്ധനം എത്തിച്ചിരുന്നു. നിലവിൽ ‘ബിഡബ്ല്യു ടിവൈആർ’ (BW TYR) എന്ന കപ്പൽ മുംബൈ തീരത്ത് ഇന്ധനം ഇറക്കിക്കൊണ്ടിരിക്കുകയാണ്.

നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ 17 ഇന്ത്യൻ കപ്പലുകൾ ഉണ്ടെന്നാണ് കണക്ക്. ഗൾഫ് മേഖലയിലാകെ ഏകദേശം 20,500 ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ടെന്നും, ഇതിൽ 1,130 പേരെ ഇതിനകം വിവിധ ഷിപ്പിംഗ് കമ്പനികൾ ഒഴിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

India-flagged LPG tanker Green Sanvi crosses Strait of Hormuz

More Stories from this section

family-dental
witywide