അമേരിക്കയുടെ ‘പരിപ്പ്’ ഇളക്കി ഇന്ത്യ; തീരുവ കൂട്ടി പ്രതികാരം; ട്രംപ് ഇടപെടണമെന്ന് യുഎസ് സെനറ്റർമാർ

ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ അടിച്ചേൽപ്പിച്ച അമേരിക്കയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. അമേരിക്കയിൽ നിന്ന് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന പയറുവർഗങ്ങൾക്ക് (പ്രധാനമായും മഞ്ഞപ്പയർ) ഇന്ത്യ 30 ശതമാനം തീരുവ ഏർപ്പെടുത്തി. നിശബ്ദമായി ഇന്ത്യ നടത്തിയ ഈ നീക്കം അമേരിക്കൻ കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റർമാർ രംഗത്തെത്തി.

ഡൽഹിയിലെത്തിയ യുഎസ് സെനറ്റർ സ്റ്റീവ് ഡെയിൻസ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ നേരിട്ട് കണ്ട് തന്റെ ആശങ്ക അറിയിച്ചു. അമേരിക്കയിലെ നോർത്ത് ഡക്കോട്ട, മൊണ്ടാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പയറുവർഗങ്ങളുടെ പ്രധാന വിപണിയാണ് ഇന്ത്യ. ഇന്ത്യ തീരുവ കുത്തനെ കൂട്ടിയതോടെ ഈ വിപണി അമേരിക്കയ്ക്ക് നഷ്ടമാകുമെന്ന ഭീതിയിലാണ് സെനറ്റർമാർ. ഈ സാഹചര്യത്തിൽ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തി തീരുവ കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തണമെന്നാണ് അമേരിക്കൻ പ്രതിനിധികളുടെ ആവശ്യം.

അമേരിക്കൻ കാർഷിക-ക്ഷീര ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കണമെന്ന ട്രംപിന്റെ ആവശ്യം ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ കർഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത്. ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങുന്നത് രാജ്യത്ത് വലിയ കർഷക പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചേക്കുമെന്ന് സർക്കാർ ഭയക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ നീണ്ടുപോകുന്നതിനിടയിൽ ഉണ്ടായ ഈ ‘തീരുവപ്പോര്’ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

Also Read

More Stories from this section

family-dental
witywide