അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്താക്രമണത്തിൽ ഇറാൻ്റെ തിരിച്ചടിയും കനക്കവേ ആക്രമണം ഇന്ത്യയെയും ബാധിക്കുന്നു. ലോകത്തെ പ്രധാന ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ ഇന്ത്യയിൽ പാചകവാതക വിതരണത്തിൽ വലിയ കുറവുണ്ടാകുകയും ജനങ്ങളെ ബാധിക്കാനും തുടങ്ങി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണം നിലച്ചത് ബെംഗളൂരു, ചെന്നൈ, മുംബൈ, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലെ ഹോട്ടലുകളെയും റെസ്റ്റോറൻ്റുകളെയും ബാധിച്ചു.
മുംബൈയിലെ 20 ശതമാനത്തോളം ഹോട്ടലുകൾ പ്രതിസന്ധിയെ തുടർന്ന് അടച്ചതായി ഹോട്ടൽ അസോസിയേഷനായ ‘ആഹാർ’ നെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ 50 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. ദാദർ, അഡേരി തുടങ്ങിയ ഇടങ്ങളിലെ ഹോട്ടലുകൾ പാചകവാതകം ലാഭിക്കാനായി മെനുകളിലെ വിഭവങ്ങൾ വെട്ടിക്കുറയ്ക്കുകയും പ്രവർത്തന സമയം പരിമിതപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
കർണാടകയുടെ ഐടി ഹബ്ബായ ബെംഗളൂരുവിലും സ്ഥിതി സമാനമാണ്. പ്രശസ്‌തമായ വിദ്യാർത്ഥി ഭവൻ ഉൾപ്പെടെയുള്ള ഭക്ഷണശാലകൾ പാചക വാതക ലഭ്യത കുറവായതിനാൽ അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്ന് ഉടമകൾ പറയുന്നു. തമിഴ്‌നാട്ടിലെ ചെന്നൈയിലും ഹോട്ടൽ അസോസിയേഷനുകൾ സമാനമായ ആശങ്ക കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് അയച്ച കത്തിൽ പങ്കുവെച്ചിട്ടുണ്ട്.
ചെന്നൈയിലെ പ്രശസ്‌തമായ ഹോട്ടൽ അന്നപൂർണ്ണ വിഭവങ്ങൾ കുറയ്ക്കാനും പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും തീരുമാനിച്ചിരിക്കുകയാണ്. പുണെ, പുതുച്ചേരി തുടങ്ങിയ നഗരങ്ങളിലെ റെസ്റ്റോറന്റുകളെയും ഈ സാഹചര്യം ബാധിച്ചിട്ടുണ്ട്.അതേസമയം, പ്രശ്ന പരിഹാരത്തിനായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിന് മുൻഗണന നൽകാനാണ് സർക്കാർ തീരുമാനം.
ഇതിനായി അവശ്യസാധന നിയമം സർക്കാർ പ്രയോഗിച്ചു. വീടുകൾക്ക് പുറമെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള പാചകവാതക വിതരണത്തിനാണ് നിലവിൽ മുൻഗണന നൽകുന്നത്. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കുമുള്ള വിതരണം പുനഃപരിശോധിക്കാൻ എണ്ണക്കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്‌ടർമാർ അടങ്ങിയ ഒരു പ്രത്യേക കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.
ഇതിനിടെ പാചകവാതക വിലയിൽ ഗണ്യമായ വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 114.5 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയായി ഉയർന്നു. പൂഴ്ത്തിവെപ്പ് ഒഴിവാക്കാൻ എൽപിജി ബുക്കിങ് കാലാവധി 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തിയിട്ടുണ്ട്.
ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 85 മുതൽ 90 ശതമാനം വരെ ഇറക്കുമതിയും വരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്, അതുകൊണ്ടുതന്നെ അവിടെയുണ്ടാകുന്ന ഏത് സംഘർഷവും ഇന്ത്യയുടെ വിതരണ ശൃംഖലയെ നേരിട്ട് ബാധിക്കുന്നു. പ്രതിവർഷം 31 ദശലക്ഷം ടൺ എൽപിജി ആണ് ഇന്ത്യ ഉപയോഗിക്കുന്നത്, ഇതിൽ 87 ശതമാനവും വീടുകളിലെ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത്.
India is also caught in the middle of war; Cooking gas shortage is severe, hotels are starting to close















