
ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള പുതിയ വ്യാപാര കരാറിന് പിന്നാലെ റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിൽ വ്യക്തത വരുത്തിക്കൊണ്ട് റഷ്യ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി. ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്നും തങ്ങൾ എണ്ണയുടെ ഏക വിതരണക്കാരല്ലെന്നും റഷ്യൻ വക്താവ് ഡിമിത്രി പെസ്കോവ് വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നതിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായ ഒരു വിവരവും നൽകിയിട്ടില്ലെന്നും റഷ്യ അറിയിച്ചു.
ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും റഷ്യ വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ എപ്പോഴും ആവശ്യക്കാരുണ്ടാകുമെന്നും ഒരു രാജ്യം മാറിയാലും മറ്റ് വിപണികൾ കണ്ടെത്താൻ തങ്ങൾക്ക് തടസ്സമില്ലെന്നും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നോവാക് സൂചിപ്പിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൻ്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്നുമായിരുന്നു ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. നിലവിൽ ഇന്ത്യ തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്ന വൈവിധ്യവൽക്കരണ നയമാണ് പിന്തുടരുന്നത്
India is free to buy oil from any country, India has not yet announced that it has stopped trading: Russia













