ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധം: മധ്യസ്ഥതയ്ക്കുള്ള അവസരം ഇന്ത്യ നഷ്ടമാക്കി, പാകിസ്താൻ മുൻതൂക്കം നേടിയതിൽ ഇന്ത്യയുടെ നയതന്ത്ര വീഴ്ചകൾ എണ്ണിപ്പറഞ്ഞ് തരൂർ

പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ മുൻകൈ എടുക്കാത്തത് വലിയൊരു അവസരം നഷ്ടപ്പെടുത്തിയതിന് തുല്യമാണെന്ന് ശശി തരൂർ എംപി. മേഖലയിലെ സമാധാന ചർച്ചകൾക്ക് പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് തരൂരിന്റെ വിമർശനം. ഇന്ത്യയുടെ നയതന്ത്രം പാകിസ്താനേക്കാൾ മികച്ചതാണെന്നും ഈ വിഷയത്തിൽ ഒരു പരിഹാരം കൊണ്ടുവരാൻ ഇന്ത്യക്കായിരുന്നു കൂടുതൽ സാധുതയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ പത്തുദിവസമായി സമാധാന ശ്രമങ്ങൾക്കായി ഇന്ത്യ ഇടപെടണമെന്ന് താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അതിന് തയ്യാറായിട്ടില്ല. പാകിസ്താൻ മധ്യസ്ഥ ചർച്ചകൾക്ക് വേദിയാകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായ നഷ്ടമാണ്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഇറാനിൽ യുഎസും ഇസ്രയേലും നടത്തുന്ന യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾക്ക് കാരണമാകും. പാചകവാതകം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ സാധാരണക്കാരുടെ അടുക്കളയിൽ തടസ്സമില്ലാതെ എത്തണമെങ്കിൽ മേഖലയിൽ സമാധാനം അനിവാര്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

ഇറാനിലെ പരമോന്നത നേതാവ് അലി ഖമനയി വധിക്കപ്പെട്ടപ്പോൾ ഇന്ത്യ അനുശോചനം രേഖപ്പെടുത്തണമായിരുന്നു. ഇത് രാഷ്ട്രീയമായ പക്ഷം ചേരലല്ല, മറിച്ച് അയൽരാജ്യത്തെ ഒരു ഉന്നത നേതാവ് അന്തരിക്കുമ്പോൾ കാണിക്കേണ്ട സുജനമര്യാദ മാത്രമാണ്. ഇത്തരം ഘട്ടങ്ങളിൽ മൗനം പാലിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ല. അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള ഇന്ത്യയെപ്പോലൊരു രാജ്യം ഇത്തരം മാനുഷികമായ പരിഗണനകൾ നൽകുന്നത് നയതന്ത്രപരമായ കരുത്തായി കാണാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസിനുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, പാർട്ടിക്കുള്ളിലെ വിഷയങ്ങൾ ഒരുമിച്ചിരുന്ന് സംസാരിച്ചു തീർത്തുവെന്ന് തരൂർ മറുപടി നൽകി. കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിക്കെതിരെ സംസാരിക്കുകയോ ഉപദേശിക്കുകയോ അല്ല താൻ ചെയ്യുന്നത്. അമ്പതു വർഷത്തോളമായി അന്താരാഷ്ട്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ തന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ നിലപാടുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കാനല്ല, മറിച്ച് വസ്തുതകൾ ജനങ്ങളുടെ മുന്നിൽ വെക്കാനാണ്. ഒരു ജനാധിപത്യ സംവിധാനത്തിനുള്ളിൽ നിന്ന് സ്വന്തം അറിവും കഴിവും സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി താനുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

India Missed Diplomatic Opportunity in Iran Conflict as Pakistan Takes Lead in Mediation, Says Shashi Tharoor

More Stories from this section

family-dental
witywide