വിമർശനം കടുത്തു, മൗനം വെടിഞ്ഞ് ഇന്ത്യ, ഖമനേയിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി; വിദേശകാര്യ സെക്രട്ടറി എംബസി സന്ദർശിച്ചു

അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള അനുശോചനം അറിയിച്ചു. എംബസിയിൽ തയ്യാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഖമനേയി വധത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിക്കാത്തതിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് ഈ നയതന്ത്ര നീക്കം.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളിലും ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർക്കപ്പെട്ട സംഭവത്തിലും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. അതിഥിയെ വിളിച്ചുവരുത്തി അപമാനിക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്നും പ്രധാനമന്ത്രി മറ്റുള്ളവരുടെ പാവയായി മാറിയെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിലുള്ള കീഴടങ്ങൽ രാജ്യത്തിന്റെ അന്തസ്സ് ഇല്ലാതാക്കുന്നതാണെന്നും എപ്സ്റ്റീൻ ഗ്യാങ്ങിന്റെയും ഗൗതം അദാനിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് മോദി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാന്റെ തിരിച്ചടിയെത്തുടർന്ന് സമുദ്രമേഖലയിൽ 38 കപ്പലുകളും പന്ത്രണ്ടായിരത്തോളം നാവികരും കുടുങ്ങിക്കിടക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ഏറ്റ കളങ്കമാണ് പ്രധാനമന്ത്രിയുടെ കുറ്റകരമായ മൗനമെന്നും പവൻ ഖേര പറഞ്ഞു. സംഘർഷം അയൽരാജ്യങ്ങളിലേക്ക് പടർന്നിട്ടും വിദേശകാര്യ മന്ത്രിയും പെട്രോളിയം മന്ത്രിയും നിസ്സംഗത തുടരുകയാണെന്നും, ശബ്ദം ഉയർത്തുന്നവരെ നിശബ്ദമാക്കാൻ മാത്രമാണ് സർക്കാരിന് തിടുക്കമെന്നും കോൺഗ്രസ് ആരോപിച്ചു. ഇതാണോ ബിജെപി അവകാശപ്പെടുന്ന ‘പുതിയ ഇന്ത്യ’ എന്നും പ്രതിപക്ഷം ചോദിച്ചു.

India Offers Condolences on Khamenei’s Death; Opposition Slams PM Modi Over Silence on Regional Conflict

More Stories from this section

family-dental
witywide