ന്യൂഡൽഹി: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം. ഇറാനിൽ ജോലി എടുക്കുന്നവരോടും വിദ്യാർഥികളോടും മടങ്ങാനാണ് നിർദ്ദേശം. ഇതിനായി തയ്യാറാക്കിയ ആദ്യ പട്ടികയിലെ പേരുകാരുമായി ഇന്ത്യൻ എംബസി ആശയവിനിമയം നടത്തി.
ഇതോടെ ഇറാനിൽനിന്ന് ഇന്ത്യയിലേക്കുള്ള മടക്കത്തിൽ ആശങ്കയിലായ കേരളത്തിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് ഈ തീരുമാനം ആശ്വാസമാകും. ലഭ്യമായ ഏത് മാർഗവും ഉപയോഗിച്ച് രാജ്യം വിടാൻ ഇന്ത്യൻ എംബസിയുടെ നിർദേശമുണ്ടെങ്കിലും എങ്ങനെ മടങ്ങുമെന്നറിയാതെ നിസ്സഹായരാണ് വിദ്യാർഥികളെന്ന് കോട്ടയം അറുപുഴ സ്വദേശി താരിഷ് റഹ്‌മാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
താരിഷ് റഹ്‌മാൻ്റെ ഭാര്യ സഹോദരിയുടെ മകൾ ഉൾപ്പെടെ 12 കുട്ടികൾ ഇറാനിലെ കെർമാൻ സർവകലാശാലയിൽ എംബിബിഎസ് വിദ്യാർഥികളാണ്. ഇതിൽ 11 പേരും പെൺകുട്ടികളാണ്. ദിവസങ്ങളായി ഹോസ്റ്റൽ മുറിയിൽ തന്നെ താമസിക്കുന്ന കുട്ടികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും മുഖ്യമന്ത്രി, ഗവർണർ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു. 12 കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്‌മ രൂപീകരിച്ചാണ് പരാതി നൽകിയത്.
India prepares to pull out its nationals from Iran, first batch ready














