
ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും അവയുടെ വിതരണം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പ്രതിരോധ മന്ത്രാലയം തള്ളി. ഇന്ത്യ ആകെ ആവശ്യപ്പെട്ടത് 28 ഹെലികോപ്റ്ററുകൾ മാത്രമായിരുന്നുവെന്നും 2025 ഡിസംബറോടെ ഇവയുടെ വിതരണം സമയബന്ധിതമായി പൂർത്തിയായെന്നും മന്ത്രാലയം വ്യക്തമാക്കി. 2015-ൽ കരാർ ഒപ്പിട്ട 22 എണ്ണവും 2020-ലെ കരാർ പ്രകാരമുള്ള 6 എണ്ണവും ഉൾപ്പെടെ എല്ലാ വിമാനങ്ങളും ഇന്ത്യക്ക് കൈമാറിക്കഴിഞ്ഞുവെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും അത്യാധുനികമായ ആക്രമണ ഹെലികോപ്റ്ററുകളിലൊന്നാണ് AH-64E അപ്പാച്ചെ. എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന സെൻസറുകളും റഡാറുകളും ഇതിന്റെ പ്രത്യേകതയാണ്. 10 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള ഹെൽഫയർ മിസൈലുകൾ, ഹൈഡ്ര റോക്കറ്റുകൾ, മിനിറ്റിൽ 1200 റൗണ്ട് വെടിയുതിർക്കുന്ന 30 എംഎം പീരങ്കികൾ എന്നിവ അപ്പാച്ചെയെ യുദ്ധക്കളത്തിൽ കരുത്തനാക്കുന്നു. ശത്രുവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വീഴ്ത്താൻ സ്റ്റിംഗർ എയർ-ടു-എയർ മിസൈലുകളും ഇതിലുണ്ട്.
അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ഉയർന്ന വില കണക്കിലെടുത്താണ് ഇന്ത്യ ഓർഡറുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്. മിസൈലുകളും വെടിക്കോപ്പുകളും ഉൾപ്പെടെ ഒരു അപ്പാച്ചെ ഹെലികോപ്റ്ററിന് ഏകദേശം 1,350 കോടി രൂപ ചിലവ് വരുമ്പോൾ, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എച്ച്എഎൽ (HAL) പ്രചണ്ഡ് ഹെലികോപ്റ്ററുകൾക്ക് ഏകദേശം 400 കോടി രൂപ മാത്രമാണ് ചിലവാകുന്നത്. ഉയർന്ന ചിലവ് കാരണം ആദ്യം 39 എണ്ണം വാങ്ങാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് അത് 28 എണ്ണമായി കുറയ്ക്കുകയായിരുന്നുവെന്നും പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.










