
ഡൽഹി: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാൻ്റെ ആരോപണം വിദേശകാര്യ മന്ത്രാലയം കർശനമായി തള്ളി. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളും സുരക്ഷാ വീഴ്ചകളും പരിഹരിക്കാൻ ശ്രമിക്കാതെ അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാൻ്റെ സ്ഥിരം രീതിയാണെന്ന് ഇന്ത്യ വ്യക്തമാക്കി. 69 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം അതീവ ദുഖകരമാണെന്നും നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ അനുശോചനം രേഖപ്പെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മതപരമായ ചടങ്ങുകൾക്കിടെ നടന്ന സ്ഫോടനത്തിൽ 169 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ്റെ നയങ്ങൾ തന്നെയാണ് അവർക്ക് തിരിച്ചടിയാകുന്നതെന്നും സ്വന്തം മണ്ണിലെ ഭീകരവാദ കേന്ദ്രങ്ങൾ ഇല്ലാതാക്കാനാണ് പാക് അധികൃതർ മുൻഗണന നൽകേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.












