വോട്ടർ പട്ടിക പരിഷ്കരണത്തെ വിമർശിച്ച മുതിർന്ന യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാലിന്റെ പരാമർശങ്ങൾ അനാവശ്യവും മറ്റൊരു ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് നടപടികളിലുള്ള ഇടപെടലിന് തുല്യവുമാണെന്ന് ഇന്ത്യ. വെള്ളിയാഴ്ചയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ ജയപാൽ, വോട്ടർ പട്ടികയിൽനിന്ന് 13 കോടി പേരെ നീക്കം ചെയ്യാൻ ലക്ഷ്യമിടുന്നതായി തോന്നിക്കുന്ന നടപടികളിൽ ആശങ്കയുണ്ടെന്ന് വ്യാഴാഴ്ച സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
വിഷയത്തിൽ പതിവ് മാധ്യമസമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിനോട് ചോദിച്ചപ്പോൾ, “കോൺഗ്രസ് അംഗത്തിന്റെ പരാമർശങ്ങൾ അനാവശ്യവും വിവരങ്ങളുടെ അഭാവത്തിൽ നടത്തിയതുമാണ്. മറ്റൊരു ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് നടപടികളിലുള്ള ഇടപെടലിന് തുല്യമാണത്,” എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സമീപനം ജനാധിപത്യത്തെത്തന്നെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈയിൽ ജനിച്ച ജയപാൽ 1982ലാണ് യുഎസിലേക്ക് കുടിയേറിയത്. വോട്ടർ പട്ടികയിൽനിന്ന് 13 കോടി പേരെ നീക്കം ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ നടപടികളിൽ തനിക്ക് കടുത്ത ആശങ്കയുണ്ടെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. ജനാധിപത്യത്തിലെ വോട്ടവകാശം ദുർബലപ്പെടുത്താൻ യുഎസിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികൾക്ക് സമാനമാണ് ഇന്ത്യയിലേതെന്നും അവർ ആരോപിച്ചു.
ലോകമെമ്പാടുമുള്ള ജനാധിപത്യങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമായ ദൗത്യമാണെന്നും ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്ക് അവകാശമുണ്ടെന്നും ജയപാൽ പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അഹിംസാപരമായി പ്രതിഷേധിക്കുന്നവർക്കൊപ്പം താൻ നിലകൊള്ളുന്നുവെന്നും അവർ വ്യക്തമാക്കി.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെത്തുടർന്ന് ഇന്ത്യയിൽ യുവാക്കളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് ജയപാലിന്റെ പരാമർശം. പരിഷ്കരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്തതായാണ് ആരോപണം.
India rejects US lawmaker Pramila Jayapal’s remarks on voter roll revision as ‘interference in fellow democracy’










