ട്രംപിന് തിരിച്ചടി, വ്യാപാര കരാർ ചർച്ചകളിൽ ഇന്ത്യയുടെ നിർണ്ണായക പിന്മാറ്റം; താരിഫ് കുറച്ചില്ലെങ്കിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് സൂചന

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ നയങ്ങൾക്ക് യുഎസ് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ നിന്ന് ഇന്ത്യ പിന്മാറി. കരാറിന്റെ നിയമവശങ്ങൾ ചർച്ച ചെയ്യാൻ വാഷിംഗ്ടണിൽ തിങ്കളാഴ്ച തുടങ്ങാനിരുന്ന മൂന്ന് ദിവസത്തെ ഉദ്യോഗസ്ഥതല ചർച്ചയിലാണ് ഇന്ത്യ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ട്രംപ് പ്രഖ്യാപിച്ച ‘റെസിപ്രോക്കൽ താരിഫ്’ നിയമവിരുദ്ധമാണെന്ന കോടതി വിധിക്ക് പിന്നാലെ അമേരിക്ക സ്വീകരിക്കുന്ന പുതിയ നിലപാടുകൾ നിരീക്ഷിച്ച ശേഷം മാത്രം ചർച്ച മതിയെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം.

ഫെബ്രുവരി ആദ്യം പ്രഖ്യാപിച്ച ഇടക്കാല വ്യാപാര കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാൻ ധാരണയായിരുന്നു. എന്നാൽ ട്രംപിന്റെ പഴയ ഉത്തരവ് കോടതി റദ്ദാക്കിയതോടെ, താരിഫുകൾ പഴയപടി 3.4 ശതമാനത്തിലേക്ക് താഴേണ്ടതായിരുന്നു. ഇത് മറികടക്കാൻ ട്രംപ് പുതുതായി പ്രഖ്യാപിച്ച 15 ശതമാനം ആഗോള സർചാർജ് കൂടി ചേരുമ്പോൾ ഇന്ത്യയ്ക്കുള്ള ഫലപ്രദമായ തീരുവ ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ച കരാറിലെ വ്യവസ്ഥകൾ ഇന്ത്യയ്ക്ക് ഗുണകരമാകുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു.

നിലവിലെ സാഹചര്യത്തിൽ കരാറിന്റെ നിയമസാധുതയും സാമ്പത്തിക ലാഭവും പുനഃപരിശോധിക്കാനാണ് ഇന്ത്യയുടെ നീക്കം. ഏപ്രിൽ മുതൽ കരാർ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, തീരുവകളിൽ പെട്ടെന്നുണ്ടായ ഈ മാറ്റങ്ങൾ ചർച്ചകളുടെ ഗതി മാറ്റിയേക്കാം. അമേരിക്കയിലെ രാഷ്ട്രീയ-നിയമ സാഹചര്യങ്ങൾ കൂടുതൽ വ്യക്തമായ ശേഷം മാത്രമേ ഇനി ഔദ്യോഗിക ചർച്ചകളുമായി മുന്നോട്ട് പോകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

India Skips Trade Talks with US After Trump Faces Legal Setback Over Tariffs; Deal Future Uncertain

More Stories from this section

family-dental
witywide