ലോകം കീഴടക്കിയ ടീമിന് ഇന്ത്യയുടെ സല്യൂട്ട്, ഈ പോരാട്ടവീര്യം അഭിമാനമെന്ന് മോദി, മറക്കാനാവാത്ത ആഘോഷമെന്ന് രാഹുൽ, കഠിനാധ്വാനമെന്ന് മുർമു, സഞ്ജു സ്പെഷ്യലെന്ന് പിണറായി

ടി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി രാജ്യത്തെ പ്രമുഖ നേതാക്കൾ. ഇന്ത്യൻ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാർഢ്യവുമാണ് ഈ കിരീടനേട്ടത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ടൂർണമെന്റിലുടനീളം ടീം പുറത്തെടുത്ത പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

നീലപ്പടയുടെ ഈ ഉജ്ജ്വല വിജയം രാജ്യത്തിന് മറക്കാനാവാത്ത ആഘോഷ നിമിഷമാണ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഫൈനലിൽ ടീമിന്റെ നട്ടെല്ലായ മലയാളി താരം സഞ്ജു സാംസണെയും ടൂർണമെന്റിലുടനീളം വിസ്മയിപ്പിച്ച ജസ്പ്രീത് ബുംറയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സ്വന്തം മണ്ണിൽ തന്നെ ലോകകിരീടം നിലനിർത്താൻ സാധിച്ചത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ സുവർണ്ണ അധ്യായമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തുടർച്ചയായി രണ്ട് തവണ ടി20 ലോകകപ്പ് നേടുന്ന ഏക ടീമെന്ന പദവിയും മൂന്ന് തവണ ചാമ്പ്യന്മാരാകുന്ന രാജ്യമെന്ന റെക്കോർഡും ഇന്ത്യക്ക് വലിയ അഭിമാനമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി. രാജ്യത്തെ യുവതലമുറയുടെ അസാധാരണമായ പ്രതിഭയുടെ അടയാളമാണ് ഈ വിശ്വവിജയമെന്നും കഠിനാധ്വാനം ചെയ്ത ഓരോ കളിക്കാരും സപ്പോർട്ട് സ്റ്റാഫും പരമോന്നത പ്രശംസ അർഹിക്കുന്നുവെന്നും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ അഭിനന്ദനം

സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.​ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

India United in Celebration: President, PM, and Rahul Gandhi Hail Team India’s Historic World Cup Triumph

More Stories from this section

family-dental
witywide