ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-യുഎസ് ബന്ധം അനിവാര്യം; തുറന്നുസമ്മതിച്ച് മുൻനിര യുഎസ് നേതാക്കൾ

വാഷിംഗ്ടൺ: ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-യുഎസ് ബന്ധം അനിവാര്യമാണെന്ന് മുൻനിര യുഎസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്കിൽ നടന്ന ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക സ്വീകരണ ചടങ്ങിലാണ് വിവിധ യുഎസ് പ്രതിനിധികൾ ഇക്കാര്യം ഊന്നിപ്പറഞ്ഞത്. ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ച അവർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്തു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ശനിയാഴ്ച സംഘടിപ്പിച്ച പ്രത്യേക സ്വീകരണ ചടങ്ങിലാണ് ഈ അഭിപ്രായപ്രകടനങ്ങൾ ഉണ്ടായത്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവും (യുഎസ്) ഏറ്റവും വലിയ ജനാധിപത്യ രാജ്യവും (ഇന്ത്യ) തമ്മിലുള്ള പങ്കാളിത്തം ലോകസമാധാനത്തിന് അത്യന്താപേക്ഷിതമാണെന്ന് യുഎസ് പ്രതിനിധി മൈക്ക് ലോലർ ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ സമാധാനവും ഐശ്വര്യവും ഉറപ്പാക്കാൻ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രാജ്യം ഇന്ത്യയാണെന്നും ഈ ബന്ധം ശരിയായ ദിശയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 2023-ൽ യുഎസ് കാപ്പിറ്റോളിൽ നടന്ന കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ ‘അവിസ്മരണീയമായ’ ഒരു സന്ദർഭമെന്ന് ലോലർ അനുസ്മരിച്ചു. “അദ്ദേഹത്തിന്റെ (മോദി) ഒരു റോക്ക് സ്റ്റാർ പരിവേഷം അവിടെ ഞങ്ങൾ കണ്ടു. പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും ആളുകൾ അത്യന്തം ആവേശഭരിതരായിരുന്നു. ആ ബന്ധം തുടർന്നും കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഡെലവെയർ മുതൽ ന്യൂജേഴ്‌സി വരെയും ന്യൂയോർക്കിലും ഞങ്ങൾക്ക് വലുതും ഊർജ്ജസ്വലവുമായ ഒരു ഇന്ത്യൻ-അമേരിക്കൻ സമൂഹമുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യൻ-അമേരിക്കൻ സമൂഹം തുടർന്നും വളരണമെന്നും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. അതോടൊപ്പം ഇന്ത്യൻ-അമേരിക്കൻ സമൂഹം നൽകുന്ന നിരവധി സാംസ്കാരിക സംഭാവനകളെ പ്രോത്സാഹിപ്പിക്കാനും ആഘോഷിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.” യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ പരിശ്രമങ്ങൾ പരിഗണിച്ച് ലോലർ കോൺസൽ ജനറൽ ബിനായ ശ്രീകാന്ത പ്രധാനിന് പ്രശംസാപത്രങ്ങൾ (proclamations) സമർപ്പിക്കുകയും ചെയ്തു.

തന്റെ സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ വളരുന്ന കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണെന്ന് ഡെലവെയർ ഗവർണർ മാറ്റ് മേയർ പറഞ്ഞു. സ്വാതന്ത്ര്യത്തെയും വിദ്യാഭ്യാസത്തെയും നെഞ്ചിലേറ്റുന്ന ഇന്ത്യൻ സമൂഹം അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുവെന്നും. മാർച്ച് മാസത്തിൽ ഒരു ബിസിനസ് സംഘത്തോടൊപ്പം താൻ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലോംഗ് ഐലൻഡിലെ ഇറ്റാലിയൻ, ഐറിഷ് സമൂഹങ്ങൾക്ക് ശേഷം ഏറ്റവും ശക്തമായ സാന്നിധ്യം ഇന്ത്യക്കാരുടേതാണെന്ന് യുഎസ് പ്രതിനിധിയായ നിക് ലാ ലോട്ട അഭിപ്രായപ്പെട്ടു. മാത്രമല്ല, ശൂന്യതയിൽ നിന്നും വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഹാരി സിംഗിനെപ്പോലെയുള്ളവരുടെ കഠിനാധ്വാനം ഇന്ത്യൻ സമൂഹത്തിൻ്റെ കരുത്തിൻ്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ്, അക്കാദമിക്, സാംസ്കാരിക മേഖലകളിലെ പ്രമുഖരും നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

India-US relationship essential for global peace and stability; Top US leaders openly admit

More Stories from this section

family-dental
witywide