
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തിന് വലിയ നേട്ടമാണെന്നും അയൽരാജ്യങ്ങളേക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഇന്ത്യക്ക് ലഭിച്ചതെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആത്മബന്ധമാണ് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇത്തരമൊരു കരാർ യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്. കാർഷിക-ക്ഷീര മേഖലകൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കിയാണ് ധാരണയിലെത്തിയതെന്നും ചെറുകിട വ്യവസായങ്ങൾക്ക് കരാർ വലിയ കരുത്തുപകരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കരാറിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമാണ് മന്ത്രി ഉന്നയിച്ചത്. കരാറിനെക്കുറിച്ച് രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റേത് ഇരട്ടത്താപ്പാണെന്നും ഗോയൽ കുറ്റപ്പെടുത്തി. അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തിയപ്പോൾ കരാർ എവിടെ എന്ന് ചോദിച്ചവർ, ഇപ്പോൾ കരാർ യാഥാർത്ഥ്യമായപ്പോൾ അതിനെതിരെ തിരിയുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് ഭരണകാലത്ത് ഒപ്പിട്ട ആസിയാൻ കരാർ രാജ്യത്തിന് വിനയായപ്പോൾ അത് വേണ്ടെന്ന് വെക്കാൻ ധൈര്യം കാട്ടിയത് നരേന്ദ്ര മോദിയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം ഈ കരാറിലൂടെ ഇന്ത്യയിലേക്ക് ഒഴുകുമെന്നും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇത് ഭദ്രമാക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. കരാറിന്റെ വിശദാംശങ്ങളും സംയുക്ത പ്രസ്താവനയും ഉടൻ പുറത്തുവിടും. പാർലമെന്റിൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ പ്രതിപക്ഷം അനുവദിക്കാത്തതിനാലാണ് വാർത്താസമ്മേളനം വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ കയറ്റുമതി മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് ഈ കരാർ വഴിയൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.











