ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക ഇടക്കാല വ്യാപാര കരാറിനെച്ചൊല്ലി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും തമ്മിൽ കടുത്ത വാക്കേറ്റം. ബുധനാഴ്ച ലോക സഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇടക്കാല വ്യാപാര കരാറിലൂടെ സർക്കാർ “ഇന്ത്യയെ വിറ്റുകളഞ്ഞു” എന്നായിരുന്നു രാഹുലിന്റെ ആരോപണം. അടുത്തിടെ പ്രഖ്യാപിച്ച കരാർ “പൂർണ കീഴടങ്ങൽ” ആണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ ഇടപെട്ട റിജിജു, രാഹുൽ ഒരേ കാര്യം ആവർത്തിക്കുകയാണെന്ന് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് “ഗൗരവമുള്ള പ്രത്യാഘാതങ്ങൾ” ഉണ്ടെന്നും, ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. “നിങ്ങൾ ഒരേ കാര്യം വീണ്ടും വീണ്ടും പറയുന്നു. തുടക്കത്തിൽ തന്നെ ഞങ്ങൾ വ്യക്തമാക്കിയതാണ്…” എന്ന് റിജിജു പറഞ്ഞു.
പ്രധാനമന്ത്രിയുടെ പേരെടുത്ത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ അവയ്ക്ക് അടിസ്ഥാനമുണ്ടെന്ന് തെളിയിക്കണമെന്ന് സഭാധ്യക്ഷൻ മുഖേന ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സാധാരണ അംഗമല്ല. നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങളുണ്ട്. അതിനാൽ എല്ലാ ആരോപണങ്ങളും തെളിയിക്കണം,” റിജിജു പറഞ്ഞു.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധി തന്റെ പ്രസ്താവനകൾ ഉടൻ തന്നെ ശരിവെക്കാമെന്ന് പ്രതികരിച്ചു. “ഞാൻ ഇപ്പോൾ തന്നെ തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു. എന്നാൽ തെളിവ് ആവശ്യപ്പെട്ടത് മന്ത്രി മാത്രമാണെന്നും, സഭാധ്യക്ഷൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. സഭയിൽ വ്യാപാര കരാർ “150 കോടി ഇന്ത്യക്കാരുടെ കീഴടങ്ങൽ” ആണെന്നും, ബിജെപി തങ്ങളുടെ “സാമ്പത്തിക ഘടന” സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്നും രാഹുൽ ആരോപിച്ചു.
ഇത് പ്രധാനമന്ത്രിയുടെ മാത്രം കീഴടങ്ങൽ അല്ല. 150 കോടി ഇന്ത്യക്കാരുടെ ഭാവി അദ്ദേഹം വിറ്റു. ബിജെപിയുടെ സാമ്പത്തിക ഘടന സംരക്ഷിക്കാനാണ് അദ്ദേഹം ഇത് ചെയ്തത് എന്നും രാഹുൽ പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ അമേരിക്കയ്ക്ക് കൈമാറിയതായും, ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ ബാധിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, ഊർജവും ധനകാര്യ സംവിധാനവും ആയുധമാക്കുന്ന സാഹചര്യത്തിൽ പോലും സർക്കാർ അമേരിക്കയ്ക്ക് അതിന് അവസരം നൽകി എന്നായിരുന്നു രാഹുലിന്റെ വിമർശനം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കൻ നിബന്ധന ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ഊർജ സുരക്ഷ പുറത്തുനിന്ന് നിർദ്ദേശിക്കപ്പെടുകയാണെന്നും ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന് സമ്മർദ്ദമില്ലെങ്കിൽ ഇത്തരത്തിലുള്ള കരാറിൽ ഒപ്പിടുകയില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
India-US trade deal: ‘The future of the country has been sold’; Rahul-Rijiju clash in Parliament












