ഇന്ത്യ–യുഎസ് വ്യാപാര കരാർ കേരളത്തിന് വലിയ നേട്ടമാകും; റബർ അടക്കം 14 ഉൽപ്പന്നങ്ങൾക്ക് പൂജ്യം താരിഫ് എന്ന് ചൂണ്ടിക്കാട്ടി ജോർജ് കുര്യൻ

ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച പുതിയ വാണിജ്യ കരാർ കേരളത്തിലെ കർഷകർക്കും ഉൽപ്പാദന മേഖലയ്ക്കും വലിയ ഉണർവ് നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിന്റെ പ്രധാന കാർഷിക ഉൽപ്പന്നങ്ങളായ റബർ, നാളീകേരം, കൊപ്ര, വെളിച്ചെണ്ണ, തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങൾ എന്നിവയടക്കം 14 ഇനങ്ങളുടെ ഇറക്കുമതി താരിഫ് അമേരിക്ക പൂർണ്ണമായും ഒഴിവാക്കിയത് വലിയ നേട്ടമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കപ്പ, അടയ്ക്ക, കശുവണ്ടി, കൈതച്ചക്ക, പപ്പായ, കൊക്കോ, ബേക്കറി സാധനങ്ങൾ എന്നിവയ്ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതോടെ കേരളത്തിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ കൂടുതൽ ലാഭകരമായി വിറ്റഴിക്കാനുള്ള അവസരം ഒരുങ്ങുമെന്നും മന്ത്രി പറഞ്ഞു.

കാർഷിക ഉൽപ്പന്നങ്ങൾക്ക് പുറമെ മത്സ്യബന്ധന, കൈത്തറി മേഖലകൾക്കും കരാറിൽ വലിയ പരിഗണന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ, ഗ്ലൗസുകൾ എന്നിവയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും കൈത്തറി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വലിയ ആശ്വാസമാകും. കൂടാതെ, കാലിത്തീറ്റ ഉൽപ്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത് ക്ഷീര കർഷകർക്കും പ്രയോജനകരമാകും. ഉൽപ്പാദനച്ചെലവ് കുറയുന്നതോടെ ഈ മേഖലയിലുള്ളവരുടെ ലാഭവിഹിതം വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ മേഖലയിലും കരാർ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ജോർജ് കുര്യൻ ദില്ലിയിൽ പറഞ്ഞു. രോഗനിർണ്ണയത്തിന് ആവശ്യമായ ആധുനിക മെഡിക്കൽ ഉപകരണങ്ങളും സർജിക്കൽ റോബോട്ടുകളും കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യാൻ സാധിക്കുന്നത് കേരളത്തിലെ ചികിത്സാ രംഗത്തെ ചിലവ് കുറയ്ക്കാൻ സഹായിക്കും. അമേരിക്കൻ വിപണിയിലേക്ക് കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ എത്തുന്നതോടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങൾക്കും അത് ഗുണകരമാകുമെന്നും മോദി സർക്കാരിന്റെ ഈ നീക്കം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide