അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സഹായികളുടെയും ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ നിലപാട് ഡോവൽ അറിയിച്ചത്. കടുത്ത നിലപാടുകളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോവുകയാണെങ്കിൽ, ചർച്ചകൾക്കായി ട്രംപിന്റെ കാലാവധി തീരുന്നത് വരെ കാത്തിരിക്കാൻ മോദി സർക്കാർ തയ്യാറാണെന്നും അദ്ദേഹം റൂബിയോയെ അറിയിച്ചു. ബ്ലൂംബെർഗാണ് ഈ രഹസ്യ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ട്രംപ് പരസ്യമായി വിമർശിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യയെ പോലുള്ള ഒരു തന്ത്രപ്രധാന പങ്കാളിക്കെതിരെയുള്ള ഇത്തരം പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും ബന്ധം പഴയ രീതിയിലാക്കാൻ ട്രംപും സംഘവും നിലപാട് മയപ്പെടുത്തണമെന്നും ഡോവൽ ആവശ്യപ്പെട്ടു. മുൻപ് പലപ്പോഴും അമേരിക്കൻ ഭരണകൂടങ്ങളിൽ നിന്ന് ശത്രുതാപരമായ സമീപനം നേരിട്ടിട്ടുണ്ടെന്നും അപ്പോഴൊക്കെ ആത്മസംയമനത്തോടെ പ്രതികരിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ നയതന്ത്ര നീക്കത്തിന് പിന്നാലെയാണ് ട്രംപിന്റെ ഭാഗത്ത് നിന്നും അയഞ്ഞ നിലപാടുകൾ ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് 18 ശതമാനമായി കുറച്ചുകൊണ്ടുള്ള വ്യാപാര കരാർ ട്രംപ് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാമെന്നും ഇന്ത്യ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.













