
ടെക്സസ്: ടെക്സസിലെ ഓസ്റ്റിനിൽ ഒരു ബാറിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. കൊല്ലപ്പെട്ടവരിൽ 21 വയസ്സുള്ള ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി സവിത ഷാനും ഉൾപ്പെടുന്നു. വെടിവെപ്പിൻ്റെ കൃത്യമായ കാരണം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, പ്രതിക്ക് ഇറാനുമായി ബന്ധമുണ്ടാകാമെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. 53 വയസ്സുകാരനായ എൻഡിയാഗ ഡിയാഗ്നെ ആണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസമയത്ത് ഇയാൾ ഇറാന്റെ പതാക പതിച്ചതും “അല്ലാഹുവിന്റെ സ്വത്ത്” (Property of Allah) എന്ന് എഴുതിയതുമായ വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
സവിത ഷാനെ കൂടാതെ 19 വയസ്സുകാരനായ റൈഡർ ഹാരിംഗ്ടൺ, 30 വയസ്സുകാരനായ ജോർജ് പെഡേഴ്സൺ എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ഈ കേസിൽ തീവ്രവാദ ബന്ധമുണ്ടോ എന്നും അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സംഘർഷങ്ങളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും എഫ്ബിഐ അന്വേഷിച്ചു വരികയാണ്.
എന്തായിരുന്നു കൊലയാളിയുടെ ലക്ഷ്യം?
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് കാമ്പസിന് സമീപമുള്ള സിക്സ്ത് സ്ട്രീറ്റിലെ ഒരു ബാറിന് മുന്നിൽ ഞായറാഴ്ചയാണ് അക്രമം നടന്നത്. കാറിൽ എത്തിയ പ്രതി ജനക്കൂട്ടത്തിന് നേരെ റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ജീവരക്ഷാർത്ഥം ചിതറി ഓടി. പിന്നീട് പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സമയമെടുക്കുമെന്ന് എഫ്ബിഐയും ഓസ്റ്റിൻ പൊലീസും അറിയിച്ചു. പ്രതി ഉപയോഗിച്ച ആയുധങ്ങൾ വർഷങ്ങൾക്ക് മുമ്പ് സാൻ അന്റോണിയോയിൽ നിന്ന് നിയമപരമായി വാങ്ങിയതാണെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ജിം ഡേവിസ് പറഞ്ഞു. സെനഗൽ സ്വദേശിയായ പ്രതി 2000-ൽ ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയിലെത്തിയത്. ആറ് വർഷത്തിന് ശേഷം ഒരു അമേരിക്കൻ യുവതിയെ വിവാഹം കഴിച്ചതോടെ ഇയാൾക്ക് ഇവിടെ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു.
ആരായിരുന്നു സവിത ഷാൻ?
യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് ഇക്കണോമിക്സ് വിദ്യാർത്ഥിനിയായിരുന്നു 21 കാരിയായ സവിത. പഠനത്തിൽ മിടുക്കിയായിരുന്ന സവിത ഈ മെയ് മാസത്തിൽ ബിരുദം പൂർത്തിയാക്കേണ്ടതായിരുന്നു. ക്ലാസ് മുറിയിലെ ഒരു തിളക്കമുള്ള സാന്നിധ്യമായിരുന്നു സവിതയെന്നും അവളെ നഷ്ടപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്നും അധ്യാപകർ പറയുന്നു.
Indian-American student killed in Texas bar shooting; Iran involved in murder? FBI steps up investigation















