ഇന്ത്യൻ സിഇഒയ്ക്ക് യുഎസ് വിസ നിഷേധിച്ചു; ‘കോൺസുലേറ്റ് ടീമുകളെ നന്നായി പരിശീലിപ്പിക്കണം’ എന്ന് വിമർശനം

യുഎസ് വിസ നിഷേധിച്ചതിനെ തുടർന്ന്  ഡൽഹി ആസ്ഥാനമായ സംരംഭകനും Knot Dating എന്ന കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജസ്വീർ സിംഗ് യുഎസ് കോൺസുലേറ്റ് ജീവനക്കാരുടെ പ്രവർത്തനത്തെ വിമർശിച്ച് രംഗത്തെത്തി. അവരെ കൂടുതൽ നന്നായി പരിശീലിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുഎസിന്റെ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റിലെ 214(b) വകുപ്പ് പ്രകാരമാണ് വിസ നിഷേധിച്ചതെന്ന് ജസ്വീർ സിങ് വ്യക്തമാക്കി. സ്വന്തം രാജ്യത്തേക്ക് തിരികെ പോകാനുള്ള ഉദ്ദേശം തെളിയിക്കാൻ കഴിയാത്തതാണ് ഈ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

“214(b) പ്രകാരം യുഎസ് വിസ നിഷേധിച്ചു. കാരണം – ഇന്ത്യയുമായി ദുർബലമായ ബന്ധങ്ങൾ,” എന്നായിരുന്നു അദ്ദേഹം X ൽ ‘ കുറിച്ചത്. ഇന്ത്യയിൽ തന്നെ കമ്പനി നടത്തുകയും, നികുതി അടയ്ക്കുകയും, നിരവധി ആളുകൾക്ക് ജോലി നൽകുകയും ചെയ്യുന്ന ഒരാളാണെങ്കിലും ‘ദുർബല ബന്ധം’ എന്ന കാരണം ചൂണ്ടിക്കാട്ടി വിസ നിഷേധിച്ചത് വിരോധാഭാസമാണെന്ന് ജസ്വീർ സിങ് പറഞ്ഞു. കഴിഞ്ഞ 13 വർഷമായി ഇന്ത്യയിൽ തന്നെയാണ് തന്റെ എല്ലാ പ്രവർത്തനങ്ങളും എന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യയിൽ കമ്പനി നടത്തുന്നു, ആളുകളെ നിയമിക്കുന്നു, നികുതി അടയ്ക്കുന്നു. ഇതൊന്നും ഇന്ത്യയിലേക്ക് മടങ്ങുമെന്ന് തെളിയിക്കാൻ മതിയാകില്ലെന്നാണ് പറയുന്നത്,” എന്ന് വിസ നിഷേധിച്ച കത്തിന്റെ പകർപ്പ് പങ്കുവച്ച് അദ്ദേഹം പറഞ്ഞു. യുഎസ് കോൺസുലേറ്റിന്റെ വിലയിരുത്തൽ പ്രക്രിയയെ ചോദ്യം ചെയ്ത ജസ്വീർ സിങ്, ‘ഉദ്ദേശം’ എന്നതിനുള്ള നിർവചനം തന്നെ തെറ്റായിരിക്കാമെന്നും അല്ലെങ്കിൽ വിലയിരുത്തൽ രീതിക്ക് ഗൗരവമായ പരിഷ്‌കരണം ആവശ്യമാണെന്നും പറഞ്ഞു.

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ ഔദ്യോഗിക X അക്കൗണ്ട് ടാഗ് ചെയ്ത് അദ്ദേഹം കുറിച്ചത്: “ഇതാണ് നിങ്ങളുടെ മാനദണ്ഡമെങ്കിൽ, ഉദ്ദേശത്തിന്റെ നിർവചനം തെറ്റാണ്, അല്ലെങ്കിൽ നിങ്ങളുടെ വിലയിരുത്തൽ പ്രക്രിയക്ക് പൂർണ പുനഃപരിശോധന വേണം. ന്യൂഡൽഹി കോൺസുലേറ്റ് ടീമുകളെ കൂടുതൽ നന്നായി പരിശീലിപ്പിക്കുക.”

വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “അടുത്ത തവണ യുഎസിനെയും എൻആർഐകളെയും കുറിച്ചുള്ള ട്വീറ്റുകൾ ഡിലീറ്റ് ചെയ്താൽ വിസ കിട്ടുമെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൊണാൾഡ് ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ ആരംഭിച്ചതിനുശേഷം യുഎസ് വിസ നിഷേധിക്കപ്പെട്ട നിരവധി സംരംഭകരിൽ ഒരാളാണ് ജസ്വീർ സിങ്. കഴിഞ്ഞ ആഴ്ച ബെംഗളൂരു ആസ്ഥാനമായ സംരംഭകനായ ധനഞ്ജയ് യാദവിനും യുഎസ് വിസ നിഷേധിക്കപ്പെട്ടിരുന്നു. മുന്‍പ് യുഎസിൽ പഠിച്ചിട്ടുള്ളതും അവിടെ തുടരാനുള്ള യാതൊരു ഉദ്ദേശവുമില്ലാത്തതുമായ ഒരാളായിട്ടും വിസ നിഷേധിക്കപ്പെട്ടത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ധനഞ്ജയ് യാദവ് പ്രതികരിച്ചിരുന്നു.

Indian CEO’s US visa denied, he says ‘Train your consulate teams better’


More Stories from this section

family-dental
witywide