
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളും റിലയൻസും അവസാനിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് എന്നീ കമ്പനികൾ ഏപ്രിൽ മാസം മുതൽ റഷ്യയുമായി പുതിയ കരാറുകൾ ഒപ്പിടില്ലെന്നാണ് വിവരം. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളുടെ ഈ നിർണ്ണായക നീക്കം പുറത്തുവരുന്നത്. റഷ്യയുമായി മാർച്ച് മാസം വരെയുള്ള കരാറുകൾ മാത്രമാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ മറവിൽ കേന്ദ്ര സർക്കാർ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ചു. റഷ്യൻ എണ്ണ ഒഴിവാക്കിയതും കാർഷിക മേഖല അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നുനൽകിയതും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. ഈ നീക്കത്തെ ‘നാണംകെട്ട കീഴടങ്ങൽ’ എന്നാണ് ഇടത് മുന്നണി വിശേഷിപ്പിച്ചത്. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നാളെ പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ‘നരേന്ദ്ര സറണ്ടർ’ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം ശക്തമാക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ നീക്കം.
അതേസമയം, ട്രംപിന്റെ പ്രസ്താവനയിലോ എണ്ണ ഇറക്കുമതി നിർത്തുന്ന കാര്യത്തിലോ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിലക്കുറവ് പരിഗണിച്ചാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്നതെന്നും വെനിസ്വേല ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സമാനമായ നിരക്കിൽ എണ്ണ ലഭ്യമാക്കാനുള്ള ബദൽ മാർഗങ്ങൾ തേടുന്നുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കുന്നതോടെ ട്രംപിന്റെ ഉത്തരവുകൾക്ക് പ്രസക്തി ഇല്ലാതാകുമെന്ന് വാണിജ്യ മന്ത്രാലയം കണക്കുകൂട്ടുന്നു. എന്നാൽ, പവൻ ഖേര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന തീരുവ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
Indian Companies Halt Russian Oil Imports Amid US Trade Deal; Opposition Slams Govt’s Surrender to Trump















