
പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി എത്തിയ ലൈബീരിയൻ കപ്പൽ മുംബൈ തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. സംഘർഷം ആരംഭിച്ച ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ എണ്ണക്കപ്പലാണിത്. ഇന്ത്യൻ ക്യാപ്റ്റൻ നയിക്കുന്ന ഷെൻലോംഗ് സുയസ്മാക്സ് (Shenlong Suezmax) എന്ന കപ്പൽ അതീവ അപകടസാധ്യതയുള്ള ഹോർമുസ് കടലിടുക്ക് കടന്നാണ് രാജ്യത്ത് എത്തിയത്. യുദ്ധഭീതിക്കിടയിലും ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിൽ ഈ നീക്കം ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം, ഇറാഖിലെ ബസറയ്ക്ക് സമീപം യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. മരണം ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് 15 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷപ്പെട്ട നാവികർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ നയതന്ത്ര കാര്യാലയം അറിയിച്ചു.
യുഎഇയിൽ ഇന്ന് പുലർച്ചെ ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോൺ ആക്രമണശ്രമമുണ്ടായതും ആശങ്ക വർധിപ്പിക്കുന്നു. ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചെങ്കിലും ആർക്കും പരിക്കുകളില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. മുൻകരുതലായി കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഗൾഫ് മേഖലയിലെ താമസകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ പ്രവാസി മലയാളികളടക്കമുള്ളവർക്കിടയിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്.
Indian Crude Oil Tanker Reaches Mumbai Amid Conflict; Indian Sailor Killed in Iran’s Attack Near Iraq















