
ഇറാനിൽ നിലനിൽക്കുന്ന അശാന്തമായ സാഹചര്യ കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ലഭ്യമായ വിമാന സർവീസുകളോ മറ്റ് യാത്രാ സൗകര്യങ്ങളോ ഉപയോഗപ്പെടുത്തി സുരക്ഷിതമായി മടങ്ങാനാണ് എംബസിയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. ഇറാനിലുടനീളം പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര നീക്കം.
പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നും സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാർ പരമാവധി അകന്നു നിൽക്കണമെന്ന് എംബസി കർശന നിർദ്ദേശം നൽകി. യാത്ര ചെയ്യുന്നവരും അവിടെ തുടരുന്നവരും തങ്ങളുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട യാത്രാരേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രാദേശികമായുണ്ടാകുന്ന മാറ്റങ്ങൾ സശ്രദ്ധം നിരീക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഇറാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 989128109115, 989128109109, 989128109102, 989932179359 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും ആവശ്യമായ സഹായങ്ങൾക്കായി ഉദ്യോഗസ്ഥരെ സമീപിക്കാമെന്നും എംബസി അറിയിച്ചു.











