വിർജീനിയയിലെ മോട്ടലിൽ മയക്കുമരുന്ന് വില്പനയും പെൺവാണിഭവും: ഇന്ത്യൻ ദമ്പതികൾ പിടിയിൽ

വിർജീനിയ: യുഎസിലെ നോർത്തേൺ വിർജീനിയയിൽ മയക്കുമരുന്ന് വില്പനയും പെൺവാണിഭവും നടത്തിയതിന് ഇന്ത്യൻ വംശജരായ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ വംശജരായ തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) എന്നിവരാണ് അറസ്റ്റിലായ ദമ്പതികൾ. ഇവരെ കൂടാതെ മാർഗോ പിയേഴ്സ് (51), ജോഷ്വ റെഡിക് (40), റഷാർഡ് സ്മിത്ത് (33) എന്നിവരെയും പൊലീസ് പിടികൂടി.

വിർജീനിയയിലെ ഡംഫ്രൈസിലുള്ള റെഡ് കാർപെറ്റ് ഇൻ എന്ന മോട്ടൽ കേന്ദ്രീകരിച്ചായിരുന്നു അനധികൃത പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഇടപാടുകാർക്കിടയിൽ കോശ ശർമ്മ ‘മാ’ (Ma) എന്നും തരുൺ ശർമ്മ ‘പോപ്പ്’ (Pop) എന്നുമാണ് അറിയപ്പെട്ടിരുന്നത്.

മോട്ടലിന്റെ മൂന്നാം നില മയക്കുമരുന്ന് വില്പനയ്ക്കും പെൺവാണിഭത്തിനുമായി ഇവർ ഉപയോഗിച്ചു. താഴത്തെ നിലകളിൽ സാധാരണ അതിഥികളെ താമസിപ്പിച്ച് പുറംലോകത്തിന് സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. പ്രതികൾ ഈ ക്രിമിനൽ സംഘങ്ങളിൽ നിന്ന് ലാഭവിഹിതം കൈപ്പറ്റിയിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ് പരിശോധനയ്ക്ക് എത്തിയാൽ കുറ്റവാളികൾക്ക് മുന്നറിയിപ്പ് നൽകുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നത് ഇവരായിരുന്നു.

എഫ്.ബി.ഐയും പ്രാദേശിക പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. നിരവധി രഹസ്യ ഓപ്പറേഷനുകൾക്ക് ശേഷമായിരുന്നു ഈ നടപടിയെന്നാണ് റിപ്പോർട്ട്.

ഫെൻ്റനൈൽ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകളുടെ വിതരണത്തിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ചുരുങ്ങിയത് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

Indian-origin couple arrested for drug and prostitution racket at Virginia motel

More Stories from this section

family-dental
witywide