വിർജീനിയ: യുഎസിലെ വിർജീനിയയിൽ ഇന്ത്യൻ വംശജരായ ദമ്പതിമാർ ഉൾപ്പെടെ അഞ്ചംഗസംഘം മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടത്തിയതിന് അറസ്റ്റിൽ. ഇന്ത്യൻ ദമ്പതിമാരായ തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) കൂടാതെ മാർഗോ പിയേഴ്സ് (51), ജോഷ്വ റെഡിക് (40), റഷാർഡ് സ്മിത്ത് (33) എന്നിവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. വിർജീനിയയിൽ റെഡ് കാർപെറ്റ് ഇൻ എന്ന പേരിൽ ബിസിനസ് നടത്തുകയായിരുന്നു സംഘം.
ഇവരുടെ ഹോട്ടലിൽ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടന്നിരുന്നത്. താഴത്തെ നിലകളിൽ അതിഥികളെ താമസിപ്പിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. ഇടപാടുകാർക്കിടയിൽ കോശ ശർമ്മ ‘മാ’ എന്നും തരുൺ ശർമ്മ ‘പോപ്പ്’ എന്നുമാണ് ഇവർ അറിയപ്പെട്ടിരുന്നത്. കോടതി രേഖകൾ പ്രകാരം, 2023 മെയ് മാസം മുതൽ ദമ്പതികൾ ഹോട്ടൽ പാട്ടത്തിനെടുത്ത് നടത്തി വരികയായിരുന്നു.
എട്ട് സ്ത്രീകളെയാണ് ഇവിടെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചത്. ലൈംഗിക ബന്ധത്തിന് 80 ഡോളർ മുതൽ 150 ഡോളർവരെയാണ് ഈടാക്കിയിരുന്നതെന്നും രേഖകളിൽ പറയുന്നു. ഇവർക്ക് പുറത്ത് പോകാൻ അനുവാദമുണ്ടായിരുന്നില്ലെന്നും ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മയക്കുമരുന്ന് വ്യാപാരവും ഹോട്ടൽ കേന്ദ്രീകരിച്ച് നടന്നിരുന്നു. അതോടൊപ്പം ദമ്പതികൾ ഇവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലാഭവിഹിതം കൈപ്പറ്റിയിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.
നിരവധി രഹസ്യ ഓപ്പറേഷനുകൾക്ക് ശേഷം ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായ ഹോട്ടലിൽ ഫെഡറൽ, പ്രാദേശിക ഏജന്റുമാർ റെയ്‌ഡ് നടത്തിയതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2025 മെയ് മുതൽ വിവിധ കാലയളവിൽ എഫ്ബിഐയുടെ രഹസ്യ ഏജന്റുമാർ ലൈംഗിക തൊഴിലാളികളായും ഉപഭോക്താക്കളായും വേശ്യാലയ ഉടമകളായുമൊക്കെ ഹോട്ടലിൽ ഒമ്പത് തവണ സന്ദർശനം നടത്തിയിട്ടുണ്ട്.
Indian-origin couple arrested for trafficking women and drugs in US














